Two Others near Modi’s flight; IB Submitted report

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിനിടെ അനധികൃത പാസ് നേടിയ രണ്ടു പേര്‍ പ്രധാനമന്ത്രിയുടെ വിമാനത്തിനടുത്തെത്തിയ ഗുരുതര സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി.

ഐ.എസ്, ലഷ്‌കര്‍ എ ത്വെയ്ബ തുടങ്ങിയ തീവ്രവാദ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് മോദിക്ക് കനത്ത സുരക്ഷയാണുള്ളത്. എന്നിട്ടും കേരള സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായത് അതീവ ഗൗരവമായതിനാലാണ് ഐ.ബി അന്വേഷണം നടത്തിയത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇതു സംബന്ധിച്ച് കേരള ഡി.ജി.പിയില്‍ നിന്നും നേരത്തെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ഒരു ചുമതലയുമില്ലാതിരുന്ന രണ്ടു പേരാണ് അതീവ സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അടുത്തെത്തുകയും വിമാനം പുറപ്പെടുംവരെ നിയന്ത്രണ മേഖലയില്‍ തുടരുകയും ചെയ്തത്. ഇവരുടെ പക്കല്‍ നിയന്ത്രിതമേഖലയില്‍ കടക്കാനുള്ള പാസും ഉണ്ടായിരുന്നു. ഇവര്‍ക്ക് പാസ് ലഭിച്ചതെങ്ങനെയെന്നാണ് ഐ.ബി പരിശോധിച്ചത്. ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരെ കര്‍ക്കശ നടപടിയുമുണ്ടാകും.

പ്രധാനമന്ത്രി തിരികെ പോയ ഡിസംബര്‍ 15നാണ് സംഭവം. അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന വ്യോമസേനാ വിമാനത്താവളത്തില്‍ പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരുന്നു. വിമാനത്താവളത്തിലെ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും മാത്രമായിരുന്നു നിയന്ത്രിതമേഖലയില്‍ പ്രവേശനം അനുവദിച്ചിരുന്നത്. വകുപ്പു മേധാവികളുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക ചുമതലകളുള്ളവര്‍ക്ക് പാസ് നല്‍കിയത്. വിമാനത്താവളത്തിനുള്ളില്‍ ജീവനക്കാരെ നിയോഗിച്ചത് എയര്‍പോര്‍ട്ട് മാനേജരും സെക്യൂരിറ്റി ചുമതലയുള്ള ഉദ്യോഗസ്ഥരുമായിരുന്നു. ഇതിനായി 51 അപേക്ഷകളാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്കു നല്‍കിയത്.

ഇതെല്ലാം അനുവദിക്കുകയും ചെയ്തു. ഇതിനു പുറമെയാണ് രണ്ടു പാസുകള്‍ അധികമായി നല്‍കിയത്. അതിനുള്ള അപേക്ഷ വിമാനത്താവള സുരക്ഷാ വിഭാഗം നല്‍കിയിരുന്നില്ല. വിമാനത്താവളത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ സാറ്റ്‌സ് കമ്പനിയുടെ പേരിലാണ് രണ്ടു പാസുകളും നല്‍കിയത്. എന്നാല്‍ ഈ കമ്പനിക്ക് പ്രധാനമന്ത്രിയുടെ വിമാനത്തിനരുകില്‍ ഒരു ചുമതലയുമുണ്ടായിരുന്നില്ല.

പാസുകള്‍ അനുവദിക്കാനുള്ള പ്രാഥമിക അന്വേഷണം നടത്തിയത് വിമാനത്താവള സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള മാനേജര്‍ നല്‍കിയ പട്ടികയില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മറ്റൊരു അപേക്ഷയാണ് ഇതിനായി നല്‍കിയതെന്നുമുള്ള വിവരം ഈ ഉദ്യോഗസ്ഥന്‍ മറച്ചുവെക്കുകയായിരുന്നുവത്രെ. ഇദ്ദേഹത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മതിയായ പരിശോധന നടത്താതെയാണ് ഡി.വൈ.എസ്.പി പട്ടിക കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചത്. കമ്മീഷണര്‍ അനുവദിച്ച പാസാകട്ടെ മറ്റൊരാളാണ് നേരിട്ട് കൈപ്പറ്റിയിരുന്നത്.

Top