കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് ട്രംപ്

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് വീണ്ടും ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ-പാക്ക് പ്രശ്‌ന പരിഹാരത്തിന് തന്നാല്‍ ആവുന്നത് ചെയ്യാന്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു.

ഇരു രാജ്യങ്ങളെയും പരിഗണിച്ച് കശ്മീര്‍ വിഷയവും ചര്‍ച്ചചെയ്‌തെന്നും വിഷയത്തില്‍ ഇടപെട്ടുകൊണ്ട് മധ്യസ്ഥതയടക്കം ഏതുതരത്തിലുള്ള സഹായം വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് ഇരു രാഷ്ട്ര തലവന്മാരോടും വാഗ്ദാനം ചെയ്തിരുന്നതായും ട്രംപ് വെളിപ്പെടുത്തി.

‘രണ്ടു രാജ്യങ്ങളുടെയും നേതൃസ്ഥാനത്തുള്ളത് രണ്ട് മാന്യവ്യക്തിത്വങ്ങളാണ്. എന്റെ നല്ല സുഹൃത്തുക്കളാണ് ഇരുവരും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. രണ്ടും ആണവശക്തികളാണ്. അവര്‍ക്ക് പ്രശ്നപരിഹാരത്തില്‍ എത്തിച്ചേരാനാവും’- ട്രംപ് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യറാണെന്ന് ഇതിന് മുമ്പ് പല തവണ ട്രംപ് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ മാത്രമേ നടത്തുവെന്നും മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നുമായിരുന്നു ഇന്ത്യയുടെ ഉറച്ച നിലപാട്.

Top