രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടു; യുവാവും രണ്ട് യുവതികളും അറസ്റ്റില്‍

ഭുവനേശ്വര്‍: ഗോവയില്‍ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തി വനത്തിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തില്‍ യുവാവും രണ്ട് യുവതികളും അറസ്റ്റില്‍. ഒഡീഷ സ്വദേശികളായ ത്രിപാല്‍ നായികിനെ(36)യും 30, 22 വയസ്സുള്ള യുവതികളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട രണ്ട് നവജാത ശിശുക്കളെ യുവതികള്‍ പ്രസവിച്ചതാണെന്നും ത്രിപാല്‍ നായിക്കാണ് ഇവരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് രണ്ട് നവജാത ശിശുക്കളെ ഗോവയില്‍ വെച്ച് പ്രതികള്‍ കൊലപ്പെടുത്തിയത്. ഒഡീഷ സ്വദേശികളായ മൂവരും കെട്ടിടനിര്‍മാണ ജോലികള്‍ക്കായാണ് ഗോവയിലെത്തിയത്. ഒരേസ്ഥലത്ത് ജോലിചെയ്യുന്ന രണ്ട് യുവതികളുമായും ത്രിപാല്‍ നായിക്കിന് അടുപ്പമുണ്ടായിരുന്നു. വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വിവാഹവാഗ്ദാനം നല്‍കി ഇരുവരെയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. രണ്ടുപേരും ഗര്‍ഭിണിയായി.

2021 ജൂണിലാണ് 30 വയസ്സുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ത്രിപാലിന്റെ നിര്‍ബന്ധപ്രകാരം ഗോവയിലെ വീട്ടില്‍വെച്ചായിരുന്നു പ്രസവം. ഗര്‍ഭിണിയായ 22-കാരിയും ഈ സമയം ഇവരോടൊപ്പമുണ്ടായിരുന്നു. ജനിച്ചയുടന്‍ കുഞ്ഞിനെ ത്രിപാല്‍ നായിക്ക് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കാട്ടിനുള്ളില്‍ കുഴിച്ചിട്ടു.

ഗര്‍ഭിണിയായ 22-കാരി കഴിഞ്ഞമാസമാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിവാഹത്തിന് മുന്‍പ് കുഞ്ഞുണ്ടായത് നാട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന് യുവതി ത്രിപാലിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് യുവതിയും ത്രിപാലും ചേര്‍ന്ന് ജനിച്ച് രണ്ടാം ദിവസം കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഈ കുഞ്ഞിന്റെ മൃതദേഹവും രഹസ്യമായി കാട്ടിനുള്ളില്‍ തന്നെ കുഴിച്ചിടുകയായിരുന്നു.

എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ത്രിപാല്‍ നായിക്ക് രണ്ട് യുവതികളെയും ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു. താന്‍ വിവാഹിതനാണെന്ന് ഇയാള്‍ വെളിപ്പെടുത്തി. യുവതികളോട് അവരവരുടെ വഴിനോക്കി പോകാനും ആവശ്യപ്പെട്ടു. പിന്നാലെ യുവാവ് നാട്ടിലേക്ക് തിരിച്ചു. യുവതികളും തിരികെ ഒഡീഷയിലേക്ക് മടങ്ങി.

യുവതികളെ ഒഴിവാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങിയ ത്രിപാല്‍ അപ്രതീക്ഷിതമായാണ് ജൂലായ് 26-ന് 22-കാരിയുടെ ഗ്രാമത്തിലെത്തിയത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോവുകയായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ ഇവരെ പിന്തുടര്‍ന്ന് കണ്ടെത്തുകയും ഗ്രാമത്തിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു. പിന്നാലെ പൊലീസിലും പരാതി നല്‍കി. ഇതോടെയാണ് നവജാത ശിശുക്കളുടെ കൊലപാതകവും മറ്റുവിവരങ്ങളും പുറത്തറിയുന്നത്.

ത്രിപാല്‍ എല്ലാം വെളിപ്പെടുത്തിയതോടെ 22-കാരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം ഇവരെ ഗോവയിലെത്തിച്ചു. വനത്തിനുള്ളില്‍ നിന്ന് രണ്ട് ശിശുക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. കുഴിയെടുക്കാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും തെളിവെടുപ്പിനിടെ കണ്ടെത്തി. കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാം പ്രതിയായ 30-കാരിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

 

Top