ഐപിഎല്ലിലേക്ക് രണ്ട് പുതിയ ടീമുകള്‍ കൂടി; പ്രഖ്യാപനം 24ന്

മുംബൈ: ഐപിഎല്ലിലേക്ക് രണ്ട് പുതിയ ടീമുകള്‍ കൂടി വരുന്നു. ഈ മാസം 24ന് ചേരുന്ന ബിസിസിഐ വാര്‍ഷിക യോഗത്തിലാകും ഔദ്യോഗിക തീരുമാനമുണ്ടാവുക. അടുത്ത സീസണില്‍ അഹമ്മദാബാദിലെ പുതിയ സ്റ്റേഡിയം ആസ്ഥാനമായി ഒരു ടീം ഉണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ ടീമിന്‍റെ ആസ്ഥാനമായി പരിഗണിക്കുക ലഖ്നൗ, കാൺപൂര്‍, പൂനെ എന്നീ നഗരങ്ങളെ ആയിരിക്കും.

യുഎഇയില്‍ സമാപിച്ച പതിമൂന്നാം എഡിഷന്‍ ഐപിഎല്ലിന് ശേഷം പതിനാലാം സീസണ്‍ ഇന്ത്യയിലായിരിക്കുമെന്നാണ് സൂചന. കൊച്ചിന്‍ ടസ്‌കേഴ്‌സ് ഉടമകൾ വൻ തുക നഷ്ടപരിഹാരത്തിനു പകരം ടീമിന്‍റെ തിരിച്ചുവരവ് അനുവദിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിൽ ട്വന്‍റി 20 ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള നീക്കത്തിൽ ബിസിസിഐ നിലപാടും എജിഎമ്മിൽ വ്യക്തമാക്കും. ക്രിക്കറ്റ് ഒളിംപിക്സില്‍ ഉള്‍പ്പെടുത്തുന്നതിനെതിരായ നിലപാടാണ് ബിസിസിഐ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. ഡിസംബര്‍ 24ന് വിളിച്ച ജനറല്‍ ബോഡി യോഗത്തിന്‍റെ വേദി പിന്നീട് തീരുമാനിക്കും.

Top