റോയല്‍ എന്‍ഫീല്‍ഡ് 650 സിസി കരുത്തില്‍ പുതിയ രണ്ട് മോഡലുകള്‍ ഉടൻ ഇന്ത്യയിലെത്തും

royal-enfield

മുംബൈ: ഇരുചക്ര ബ്രാൻഡായ റോയൽ എൻഫീൽഡ് മൂന്ന് പുതിയ 650 സിസി മോട്ടോർസൈക്കിളുകളുടെ പണിപ്പുരയിലാണ്. റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650, റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650, റോയൽ എൻഫീൽഡ് സ്‌ക്രാംബ്ലർ 650 എന്നിവ ഈ ശ്രേണിയിൽ ഉൾപ്പെടും. റോയൽ എൻഫീൽഡ് മെറ്റിയോര്‍ 650, ഷോട്ട്ഗണ്‍ 650 എന്നിവ ഇറ്റലിയിലെ മിലാനിൽ നടക്കുന്ന പ്രീമിയർ മോട്ടോർസൈക്കിൾ എക്‌സ്‌പോയിൽ അനാവരണം ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. ഇവന്‍റ് 2022 നവംബർ 8 മുതൽ 13 വരെ നടക്കും.

ഇന്ത്യയിൽ ഇരു മോഡലുകളും അടുത്ത വർഷം വിൽപ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോഞ്ച് ടൈംലൈൻ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. നവംബർ 18 മുതൽ 20 വരെ ഗോവയിൽ നടക്കുന്ന റൈഡർ മാനിയ 2022-ൽ റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650, ഷോട്ട്ഗൺ 650 എന്നിവ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നിവയിലെ അതേ 648 സിസി, പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിൻ തന്നെയാണ് പുതിയ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളിലും ഉപയോഗിക്കുന്നത്. ഇരു മോഡലുകൾക്കും സ്ലിപ്പറും അസിസ്റ്റ് ക്ലച്ചുമുള്ള ആറ് സ്പീഡ് ഗിയർബോക്‌സ് ഉണ്ടായിരിക്കും. മുൻവശത്ത് യുഎസ്‍ഡി ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളും സസ്പെൻഷൻ ഡ്യൂട്ടി നിർവഹിക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിൽ നിന്ന് ബ്രേക്കിംഗ് പവർ ലഭിക്കും. ഡ്യുവൽ-ചാനൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) സ്റ്റാൻഡേർഡായി വരും.

റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650-ൽ റെട്രോ ശൈലിയിലുള്ള റൗണ്ട് ഹെഡ്‌ലാമ്പ്, ടെയ്‌ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, വലിയ വിൻഡ്‌ഷീൽഡ്, ക്രോം ക്രാഷ് ഗാർഡുകൾ, റോഡ്-ബയേസ്ഡ് ടയറുകളുള്ള അലോയ് വീലുകൾ, ഫോർവേഡ് ഫുട്‌പെഗുകൾ, ഫാറ്റർ റിയർ ഫെൻഡർ, ലോ സ്ലംഗ്, ഇരട്ട പൈപ്പ് എക്സോസ്റ്റ്എന്നിവ ഉൾപ്പെടുന്നു. റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 ന് വൃത്താകൃതിയിലുള്ള ഹാലൊജൻ ഹെഡ്‌ലാമ്പും ടേൺ ഇൻഡിക്കേറ്ററുകളും, ബ്ലാക്ക് ഫിനിഷോടുകൂടിയ പീസ്-ഷൂട്ടർ എക്‌സ്‌ഹോസ്റ്റുകളും സ്പ്ലിറ്റ് സീറ്റുകളും ഉണ്ടായിരിക്കും. രണ്ട് ബൈക്കുകളിലും ട്രിപ്പർ ടേൺ-ബൈ-ടേൺ നാവിഗേഷനും സെമി-ഡിജിറ്റൽ, ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടാകും.

Top