two-new genera of birds endemic to western ghats taxonomy ornithology biodiversity of western ghats

കോഴിക്കോട്: പശ്ചിമഘട്ട മലനിരകളിലെ ജൈവവൈവിധ്യത്തില്‍ രണ്ട് പുതിയ ജനുസ്സുകളിലായി ഏഴ് പുതിയ സ്പീഷീസ് പക്ഷികളെ കണ്ടെത്തി.

ബെംഗളൂരു നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസ്, ഷിക്കാഗൊ സര്‍വകലാശാലാ എന്നിവിടങ്ങളിലെ ഗവേഷകരാണ് മോണ്ടേസിംഗഌ ഷോലികോള എന്നീ പുതിയ പക്ഷിജനുസ്സുകളെ തിരിച്ചറിഞ്ഞത്. ഇതില്‍ ഷോലിക്കോള ജനുസ് അഗസ്ത്യമല മേഖലയില്‍ പരിമിതപ്പെട്ടിരിക്കുന്നു.

വയനാട്ടിലെ ബാണാസുരമല, വെള്ളരിമല എന്നിവിടങ്ങളില്‍ മാത്രം കാണുന്ന ബാണാസുര ചിലപ്പന്‍, നീലഗിരി മലകളില്‍ കാണുന്ന നീലഗിരി ചിലപ്പന്‍, മൂന്നാര്‍ പളനി മലകളില്‍ കാണപ്പെടുന്ന പളനി ചിലപ്പന്‍, പാലക്കാടിന് വടക്കുമാത്രം കാണുന്ന വടക്കന്‍ ഷോലക്കിളി, പളനി ഷോലക്കിളി, അഗസ്ത്യമലയില്‍ മാത്രം കാണപ്പെടുന്ന അശാംബു ചിലപ്പന്‍, അഗസ്ത്യ ഷോലക്കിളി എന്നിവയാണ് പുതിയ സ്പീഷീസുകള്‍.

ബി.എം.സി. എവലൂഷണറി ബയോളജി ജേണലിന്റെ പുതിയ ലക്കത്തിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

തിരുവനന്തപുരം മ്യൂസിയത്തില്‍ കിടന്നിരുന്ന ഏകദേശം നൂറുവര്‍ഷം പഴക്കമുള്ള പക്ഷിയുടെ സ്‌പെസിമനാണ് അഗസ്ത്യ ഷോലക്കിളിയുടെ കണ്ടെത്തലിലേക്ക് നയിച്ചത്. ഗവേഷണസംഘത്തില്‍പ്പെട്ട സി.കെ.വിഷ്ണുദാസ് 2009 ലാണ് സ്‌പെസിമെന്‍ കണ്ടെത്തിയത്.

നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സിലെ ഗവേഷകരായ വി.വി. റോബിന്‍, സി.കെ.വിഷ്ണുദാസ്, ഉമാ രാമകൃഷ്ണന്‍, ഡോ.ഗുഷമ റെഡ്ഡി, സിംഗപ്പൂര്‍ സര്‍വകലാശാലയിലെ ഡാനിയല്‍ ഹൂപ്പര്‍ എന്നിവരാണ് ഗവേഷണസംഘാംഗങ്ങള്‍.

പശ്ചിമഘട്ടത്തിലെ വിവിധ പ്രദേശങ്ങളില്‍ അഞ്ചുവര്‍ഷം നീണ്ട പഠനത്തിന്റെയും ലോകത്തിലെ വിവിധ മ്യൂസിയങ്ങളില്‍ നടത്തിയ വിശകലനങ്ങളുടെയും ഫലമാണ് കണ്ടെത്തല്‍. പക്ഷികളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും പരിണാമ ചരിത്രത്തെപ്പറ്റി ജനിതക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചുരുള്‍നിവര്‍ത്തിയും പക്ഷികളുടെ പാട്ട്, രൂപവ്യത്യാസം, നിറവ്യത്യാസം എന്നീ ഘടകങ്ങളില്‍ ആഴത്തില്‍ വിശകലനം ചെയ്തുമാണ് പുതിയ പഠനം നടത്തിയത്.

പുതിയ പഠനത്തോടെ പശ്ചിമഘട്ടത്തില്‍ തിരിച്ചറിയപ്പെട്ട തനത് പക്ഷികളുടെ എണ്ണം 16 സ്പീഷീസുകളില്‍ നിന്ന് 20 ആയി ഉയര്‍ന്നു.

Top