two muslim clerics went missing in pakistan

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള രണ്ട് മുസ്ലിം പുരോഹിതരെ പാകിസ്ഥാനില്‍ കാണാതായി.
ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗ മേധാവി സെയ്ദ് ആസിഫ് അലി നിസാമിയെയും (80) ബന്ധുവായ നസീം നിസാമിയെ(60)യുമാണ് പാക് വിമാനത്താവളങ്ങളില്‍ നിന്ന് കാണാതായത്.

ബുധനാഴ്ച പാക് അധികൃതര്‍ തടഞ്ഞുവെച്ച ഇവരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ആസിഫ് അലി നിസാമിയെ ലാഹോര്‍ എയര്‍പോര്‍ട്ടിലും നസീം നിസാമിയെ കറാച്ചി എയര്‍പോര്‍ട്ടിലുമാണ് അധികൃതര്‍ തടഞ്ഞത്.

മാര്‍ച്ച് ആറിനാണ് ഇവര്‍ പാകിസ്ഥാനില്‍ എത്തിയതെന്ന് ആസിഫ് അലി നിസാമിയുടെ മകന്‍ സാസിദ് അലി നിസാമി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. കറാച്ചിയില്‍ എത്തിയ ഇവര്‍ ബാബാ ഫരീദിന്റെ ശവകുടീരം സന്ദര്‍ശിച്ചു.

പതിനാലാം തീയതി ആസിഫ് അലിയും നസീമും ലാഹോറിലെ പ്രശസ്തമായ ദാത്താ ദര്‍ബാര്‍ സൂഫി ദേവാലയം സന്ദര്‍ശിച്ചിരുന്നു. പിന്നീട് കറാച്ചിയിലേക്ക് പോകുന്നതിനായി ലാഹോര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ നസീമിനെ അധികൃതര്‍ തടയുകയും ആസിഫ് അലിയെ വിമാനത്തില്‍ കയറ്റുകയും ചെയ്തു. എന്നാല്‍ ലാഹോറില്‍ എത്തിയ ആസിഫ് അലിയെയും പാക് അധികൃതര്‍ തടയുകയായിരുന്നു എന്നാണ് ലഭിച്ച വിവരം.

രണ്ടുപേരെ കുറിച്ചും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും മൊബൈല്‍ ഫോണുകള്‍ ഓഫാണെന്നും ആസിഫ് അലി നിസാമിയുടെ മകന്‍ സാസിദ് അലി നിസാമി പറഞ്ഞു. പണ്ഡിതരെ കാണാതായ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പാകിസ്ഥാനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ഉറപ്പുനല്‍കിയതായി സാസിദ് നിസാമി പറഞ്ഞു.

ബന്ധുക്കളെ കാണുന്നതിനും ദര്‍ഗകള്‍ സന്ദര്‍ശിക്കുന്നതിനും വേണ്ടിയാണ് ആസിഫ് അലിയും നസീമും പാകിസ്ഥാനില്‍ എത്തിയത്. ലാഹോറിലെ ദാത്താ ദര്‍ബാറിലെയും ഡല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയിലെയും പുരോഹിതര്‍ പരസ്പരം സന്ദര്‍ശനം നടത്തുന്നത് പതിവാണ്. ലോകത്തിലെ തന്നെ അറിയപ്പെടുന്ന സൂഫീ കേന്ദ്രങ്ങളാണ് ഇവരണ്ടും.

Top