എലിപ്പനി ബാധിച്ച് കോഴിക്കോട് 2 പേര്‍ കൂടി മരിച്ചു, മരണസംഖ്യ 14 ആയി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. വടകര മേപ്പയില്‍ ആണ്ടി, മലപ്പുറം ഏനക്കുളം എരിമംഗലം പട്ടേരിത്തൊടി പ്രമീള (42) എന്നിവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 14 ആയി. നാലുലക്ഷത്തില്‍ അധികം പ്രതിരോധമരുന്നുകളാണ് ഇന്നലെ കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്തത്.

പ്രതിരോധ മരുന്ന് കഴിക്കാത്താവര്‍ക്ക് പനിയുടെ ലക്ഷണം വന്നാല്‍ ഉടന്‍ ചികില്‍സ തേടണമെന്ന് ആന്‍ഡമാനിലെ എലിപ്പനി പ്രതിരോധ വിദഗ്ധന്‍ പറയുന്നു. കോഴിക്കോട് ,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് എലിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലരും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാത്തതിനാല്‍ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത ഉണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

പകര്‍ച്ചവ്യാധികള്‍ പടരാനുണ്ടായ സാഹചര്യം കൂടുതലാണെന്ന് നേരത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു. എലിപ്പനിയുടെ ലക്ഷണങ്ങളുമായി വരുന്ന രോഗികള്‍ക്ക് പരിശോധിച്ച് എലിപ്പനിയാണെന്ന് സ്ഥിരീകരിക്കാന്‍ കാത്തുനില്‍ക്കാതെ ഡോക്‌സിസൈക്ലിന്‍ ഗുളിക നല്‍കാന്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. പ്രളയബാധിത മേഖലയിലുള്ളവരും ഏതെങ്കിലും വിധത്തില്‍ ഈ മേഖലകളോടു ബന്ധപ്പെട്ടവരും കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞിരുന്നു.

Top