two mla’s supports paneerselvam

ചെന്നൈ: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വിധി വന്നതിനുപിന്നാലെ രണ്ട് എംഎല്‍എമാര്‍ക്കൂടി പനീര്‍ശെല്‍വം ക്യാമ്പിലെത്തി.

മേട്ടുപ്പാളയം എംഎല്‍എ ഒ.കെ. ചിന്നരാജും മൈലാപ്പൂര്‍ എംഎല്‍എ ആര്‍. നടരാജുമാണ് പനീര്‍ശെല്‍വത്തിനൊപ്പമെത്തിയത്.

അതിനിടെ, മുഖ്യമന്ത്രി പദവി ഒഴിയില്ലെന്ന് പനീര്‍ശെല്‍വം സൂചന നല്‍കി. ജയലളിതയുടെ സദ്ഭരണം മുടക്കമില്ലാതെ തുടരും. ധര്‍മത്തിന്റെയും നീതിയുടെയും വിജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപെട്ടു. താല്‍ക്കാലികമായുള്ള പ്രശ്‌നങ്ങള്‍ മറന്നുകളയണമെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്ത് പനീര്‍ശെല്‍വം എംഎല്‍എമാര്‍ക്ക് തുറന്ന കത്തെഴുതി.

സഭയില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. മറ്റൊരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കും. പിന്തുണ നല്‍കിയ പ്രവര്‍ത്തകര്‍ക്കെല്ലാം നന്ദി. അമ്മയുടെ ആത്മാവ് നമ്മളെ വഴിനടത്തും. അമ്മയുടെ കാലടികളെ പിന്തുടരുമെന്നും പനീര്‍ശെല്‍വം പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കരുതെന്ന് പ്രവര്‍ത്തകരോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

ഇന്നു രാവിലെ മേട്ടൂര്‍ എംഎല്‍എ സെമ്മലൈ കൂറുമാറി പനീര്‍ശെല്‍വത്തിനൊപ്പമെത്തിയിരുന്നു. മധുര സൗത്ത് എംഎല്‍എ ശരവണനും മധുര എംപി ഗോപാലകൃഷ്ണനും ഇന്നലെ പനീര്‍ശെല്‍വത്തിന് പിന്തുണയറിയിച്ചിരുന്നു. ഇതോടെ, പനീര്‍ശെല്‍വം അടക്കം പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം 11 ആയി.

Top