കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന ഒമ്പത് ഭീകരരെ വധിച്ചു, ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന ഒമ്പത് ഭീകരരെ വധിച്ചു. കുല്‍ഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഏറ്റമുട്ടലുകള്‍ നടന്നത്.

കുല്‍ഗാമില്‍ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെയാണ് സൈന്യം വധിച്ചത്. കുല്‍ഗാമില്‍ വധിച്ചത് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെയാണെന്നാണ് ജമ്മു കശ്മീര്‍ പോലീസ് പറയുന്നത്. കഴിഞ്ഞ 12 ദിവസത്തിനിടെ പ്രദേശവാസികളില്‍ ചിലരെ ഇവര്‍ കൊലപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.

ഇന്ന് രാവിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചുപേരെയും സൈന്യം വധിച്ചു. കുപ്വാരയിലെ കേരന്‍ സെക്ടറില്‍ നിയന്ത്രണരേഖവഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താനുള്ള നടപടിക്കിടെയാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

24 മണിക്കൂറിനിടെ ഒമ്പത് ഭീകരരെ വധിച്ചുവെന്നും ഒരു ജവാന്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചുവെന്നും സൈന്യം അറിയിച്ചു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Top