സാഹസികത നിറഞ്ഞ കുളി, അതും ബൈക്കില്‍; വൈറലായ വീഡിയോയ്ക്ക് പിന്നാലെ പിഴയും

ഹനോയ്: രണ്ട് യുവാക്കളുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വെറും വീഡിയോയല്ല, കുളിച്ചു കൊണ്ട് ബൈക്കില്‍ യാത്ര ചെയ്യുന്ന യുവാക്കളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

വിയറ്റ്നാം സ്വദേശികളായ യുവാക്കളാണ് ഹെല്‍മറ്റില്ലാതെ അര്‍ധനഗ്‌നരായി കുളിച്ചു കൊണ്ട് ബൈക്കില്‍ യാത്രചെയ്തത്. ഒരാള്‍ ബൈക്ക് ഓടിക്കുമ്പോള്‍ പുറകിലരുന്ന ആള്‍ ഇരുവരുടെയും ഇടയില്‍ ഒരു ബക്കറ്റ് വെള്ളവും സോപ്പുമായി ബൈക്ക് ഓടിക്കുന്ന യുവാവിന്റെ തലയിലൂടെ വെള്ളം ഒഴിച്ചു കൊടുക്കുകയാണ്.

https://www.facebook.com/baogiaothong.vn/videos/169846770995125/

അതിനിടെ ബൈക്ക് ഓടിക്കുന്ന യുവാവ് സ്വയം കുളിക്കുകയും ഒറ്റ കൈ കൊണ്ട് ബൈക്ക് നിയന്ത്രിച്ച് സോപ്പ് മുഖത്തും തലയിലും തേച്ച് പതപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ വീഡിയോ കണ്ട് നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. അതേസമയം വീഡിയോയിലെ നമ്പര്‍ തിരിച്ചറിഞ്ഞ് പൊലീസും അന്വേഷണം ആരംഭിച്ചു.

ഹെല്‍മെറ്റ്, കണ്ണാടി എന്നിവയും ഇന്‍ഷുറന്‍സ്, ലൈസന്‍സ് എന്നീ രേഖകളുമില്ലാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ഇരുവര്‍ക്കുമെതിരെ മോട്ടോര്‍വാഹന വകുപ്പ് 18 ലക്ഷം ഡോങ് (5,500 രൂപ) പിഴ ചുമത്തിയിട്ടുണ്ട്.

Top