കര്‍ണാടകയില്‍ വിനോദയാത്രാ ബസ് മറിഞ്ഞ് അപകടം, രണ്ട് മലയാളി വിദ്യാര്‍ത്ഥിനികള്‍ മരിച്ചു

ACCIDENT

ബെംഗളൂരു: കര്‍ണാടകയില്‍ വിനോദാത്രാസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടു മലയാളി വിദ്യാര്‍ത്ഥിനികള്‍ മരിച്ചു.

ചിക്കമഗളൂരുവിനടുത്തുള്ള മാഗഡി അണക്കെട്ടിന് സമീപം വെച്ചാണ് അപകടമുണ്ടായത്. പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒമ്പതരയ്ക്കാണ് സംഭവം.

കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ഇലക്ട്രോണിക് എന്‍ജിനീയറിങ് വിദ്യാര്‍ഥിനികളായ മുണ്ടക്കയം വരിക്കാനി വളയത്തില്‍ വീട്ടില്‍ മെറിന്‍ സെബാസ്റ്റ്യന്‍, സുല്‍ത്താന്‍ബത്തേരി തൊടുവട്ടി പാലീത്തുമോളേല്‍ ഐറിന്‍ മരിയ ജോര്‍ജ് എന്നിവരാണ് മരിച്ചത്.

35 പേരാണ് ബസിലുണ്ടായിരുന്നത്. ആറു വണ്ടികളിലാണ് കോളേജില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിനോദയാത്രയ്ക്ക് പോയത്. പരിക്കേറ്റവരെ ചിക്കമഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലും ഹാസനിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എതിരെ വന്ന ട്രാക്ടറിന് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കനത്ത മഴയും ഉണ്ടായിരുന്നു. അണക്കെട്ടിന് സമീപത്തെ വെള്ളമില്ലാത്ത ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്. ഇത് വന്‍ദുരന്തമാണ് ഒഴിവാക്കിയത്. ബസിനടിയില്‍പ്പെട്ടാണ് വിദ്യാര്‍ഥിനികള്‍ മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

Top