മെര്‍സ് കൊറോണ വൈറസ്: ഒമാനില്‍ രണ്ടു പേര്‍ മരിച്ചു; ജാഗ്രതാ നിര്‍ദേശം

മസ്‌ക്കറ്റ്: മെര്‍സ് കൊറോണ വൈറസ് ബാധയേറ്റ് ഒമാനില്‍ രണ്ടു പേര്‍ മരിച്ചു. വൈറസ് ബാധ തടയാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രതിരോധ നടപടികളും ശക്തമാക്കി. രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ അഞ്ച് പേര്‍ മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മെര്‍സ് കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടു പേര്‍ കഴിഞ്ഞ ദിവസം മരണപെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച നാല് പേരില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വൈറസ് ബാധിച്ചവര്‍ക്കായി വേണ്ട പരിരക്ഷ നല്‍കിയിരുന്നു. കൂടാതെ ആരോഗ്യവിഭാഗത്തിന്റെ ശക്തമായ നിരീക്ഷണത്തിലുമായിരുന്നു. ഇതിനകം മെര്‍സ് വൈറസ്ബാധയെ തുടര്‍ന്ന് രാജ്യത്ത് അഞ്ചു പേര്‍ മരിച്ചു. വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് തടയുവാന്‍ ആരോഗ്യകരമായ ശീലങ്ങള്‍ അനുഷ്ഠിക്കുന്നതിനു മന്ത്രാലയത്തിനു കീഴില്‍ ബോധവത്കരണവും മുന്‍കരുതല്‍ നടപടികളും രാജ്യത്തു പുരോഗമിച്ചു വരികയാണ്

Top