കൊണ്ടോട്ടിയിലെ കടയിൽ നിന്ന് മൊബൈല്‍ ഫോണുകൾ കവർന്നു; കർണാടക സ്വദേശികൾ പിടിയിൽ

കൊണ്ടോട്ടി : കൊണ്ടോട്ടി ബസ് സ്റ്റാൻഡിനു സമീപത്തെ മൊബൈൽ കട പൊളിച്ച് 4 ലക്ഷത്തോളം രൂപ വില വരുന്ന മൊബൈല്‍ ഫോണുകൾ കവർന്ന കേസിൽ കർണാടക സ്വദേശികളായ രണ്ടു പേർ പിടിയിൽ‌. കർണാടക ചിക്കബല്ലാപുരം തട്ടനാഗരി പള്ളി സ്വദേശി ഹരിഷ (23), മട്കേരരി കൈക്കേരി ഗാന്ധിനഗർ സ്വദേശി മോഹൻ കുമാർ (27) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ വർഷം ഒക്ടോബർ 29നു രാത്രിയായിരുന്നു സംഭവം. ഹരിഷയാണ് മൊബൈൽ കട പൊളിച്ച് ഫോണുകൾ കവർന്നത്. തുടർന്ന് ബെംഗളൂരുവിൽ എത്തിയ ഇയാൾ കർണാടക പൊലീസിലെ ഹോം ഗാർഡ് കൂടിയായ മോഹനന്റെ സഹായത്തോടെ ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തുകയായിരുന്നു. വില കൂടിയ മൊബൈലുകൾ വളരെ തുച്ഛമായ തുകയ്ക്കാണ് വിൽപന നടത്തിയത്.

കർണാടക – ആന്ധ്ര അതിർത്തി പ്രദേശമായ ബാഗ്യപള്ളിയിൽ നിന്നാണ് ഹരിഷയെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഹരിഷയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് കണ്ണൂർ പയ്യന്നൂർ ബസ് സ്റ്റാൻഡിനു സമീപത്തെ മൊബൈൽ കട പൊളിച്ച് അരലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലും തുമ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു.

2023ൽ മാവൂരിലെ മൊബൈൽ കട പൊളിച്ച് മൊബൈലുകൾ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഇയാൾ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. 2021ൽ ഭിക്ഷാടനത്തിനായി കേരളത്തിൽ എത്തിയ ഹരിഷയ്‌ക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളജ്, മാവൂർ, കുന്ദമംഗലം, കൽപ്പറ്റ, മാനന്തവാടി, ഇരിട്ടി, പയ്യന്നൂർ, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനുകളിലായി പത്തിലധികം മോഷണ കേസുകൾ നിലവിലുണ്ട്.

Top