തനിക്കും എസിമൊയ്തീനും രണ്ട് നീതി; ക്വാറന്റൈന്‍ വിഷയത്തില്‍ ഇടഞ്ഞ് അനില്‍ അക്കര എംഎല്‍എ

തൃശൂര്‍: ക്വാറന്റൈന്‍ വിഷയത്തില്‍ മെഡിക്കല്‍ ബോര്‍ഡ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. ഇത് സംബന്ധിച്ച് എംഎല്‍എ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ക്വാറന്റൈന്‍ വിഷയത്തില്‍ തനിക്കും മന്ത്രി എസി മൊയ്തീനും രണ്ടു നീതിയാണെന്നും ഇക്കാര്യത്തില്‍ ഇടപെട്ട് ഉചിത നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് അനില്‍ അക്കര കമ്മീഷനെ സമീപിച്ചത്.

പാസ് വിഷയവുമായി ബന്ധപ്പെട്ട് വാളയാറില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ കൊവിഡ് രോഗിയുമായി ഇടപഴകിയിരിക്കാം എന്ന നിഗമനത്തിലാണ് അനില്‍ അക്കരെ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് ക്വാറന്റൈന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഗുരുവായൂരില്‍ പ്രവാസികളുമായി ഇടപഴകിയ മന്ത്രി എ സി മൊയ്തീന് ക്വാറന്റൈന്‍ വേണ്ടെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് നിലപാട്.

മന്ത്രിക്കും ക്വാറന്റൈന്‍ നിര്‍ദേശിക്കണമെന്ന അനില്‍ അക്കരയുടെ പരാതി മെഡിക്കല്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം തള്ളി. ഇതില്‍ രാഷ്ട്രീയമാരോപിച്ച് ടി എന്‍ പ്രതാപനും അനില്‍ അക്കരയും 24 മണിക്കൂര്‍ ഉപവാസ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

Top