കണ്ണൂരില്‍ രണ്ട് റിമാന്‍ഡ് പ്രതികള്‍ക്ക് കോവിഡ്; പൊലീസുകാര്‍ക്ക് ക്വാറന്റൈനില്‍

കണ്ണൂര്‍: കണ്ണൂര്‍ സബ് ജയിലില്‍ രണ്ട് റിമാന്‍ഡ് പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണപുരം,ചെറുപുഴ സ്റ്റേഷനുകളിലെ പൊലീസുകാര്‍ അറസ്റ്റ് ചെയ്ത രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പൊലീസുകാരും ജയിലധികൃതരും ക്വാറന്റൈനിലാണ്.

റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് പ്രതികള്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന നിര്‍ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് ഇന്നലെ പരിശോധന നടത്തിയത്. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ മാത്രം 10 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയിലെ പിണറായിയെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

നിലവില്‍ 359 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇന്ന് 12 പേരാണ് രോഗമുക്തി നേടിയത്. 532പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

ഇന്ന് 4 പുതിയ കോവിഡ് ഹോട്ട് സ്പോട്ടുകളും നിലവില്‍ വന്നു. പിണറായിക്കു പുറമേ പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 59 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

Top