നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയില്ല; രണ്ടു വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി

ചെന്നൈ: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ യോഗ്യത നേടാൻ കഴിയാതിരുന്നതിന്റെ വിഷമത്തിൽ രണ്ടു വിദ്യാർഥിനികൾ ജീവനൊടുക്കി. നോയിഡ സ്വദേശിനിയും ചെന്നൈ സ്വദേശിനിയുമാണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷയിൽ യോഗ്യത നേടാൻ കഴിയാതിരുന്നതിലുള്ള വിഷമത്തിലാണ് രണ്ടു വിദ്യാർഥിനികളും ജീവനൊടുക്കിയത്. നോയിഡ സ്വദേശിനിയായ 20കാരിയെ സൊസൈറ്റി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്.

തമിഴ്‌നാട് തിരുവള്ളുവർ ജില്ലയിലെ ചോളപുരത്താണ് രണ്ടാമത്തെ സംഭവം. സർക്കാർ സ്‌കൂൾ ഹെഡ്മിസ്ട്രസ് അമുദയുടെ മകളായ ലക്ഷ ശ്വേതയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഫിലിപ്പീൻസിൽ രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥിയായിരുന്നു ശ്വേത. 2019 ൽ പ്ലസ്ടു പാസായ ശ്വേത ഇത്തവണ നീറ്റ് പാസാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. പാസായാൽ നാട്ടിൽ തന്നെ പഠിക്കാമെന്നായിരുന്നു പ്രതീക്ഷ. തോൽവി അറിഞ്ഞതിനെത്തുടർന്ന് ഷാൾ കഴുത്തിൽ കെട്ടി തുങ്ങിമരിക്കുകയായിരുന്നു. കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Top