വിഴിഞ്ഞത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായില്ല

തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേര്‍ക്കായുള്ള തിരിച്ചില്‍ തുടരുന്നു. ദുരന്തമുണ്ടായി ഒരു ദിവസം പിന്നിടുമ്പോഴും രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളില്‍ നിന്ന് കടലില്‍ പോയി ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ മടങ്ങിയെത്തിയ നാല് വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

ഹാര്‍ബറിനടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്തടുക്കാന്‍ ശ്രമിക്കുമ്പോള്‍ മണല്‍ തിട്ടയിലിടിച്ച് മറിയുകയായിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള പുലിമുട്ട് നിര്‍മ്മാണം തുടങ്ങിയതും അപകടസാധ്യത കൂട്ടിയെന്ന് ആക്ഷേപമുണ്ട്. കടല്‍ക്ഷോഭം ഉണ്ടാകുമ്പോള്‍ ഹാര്‍ബറിനുള്ളില്‍ തിരയടി ശക്തമാവുകയും, വള്ളമോടിച്ച് കയറാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നുണ്ടെന്നുമാണ് ആരോപണം.

യാസ് ചുഴലിക്കാറ്റ് കേരള തീരത്തെ ബാധിക്കില്ലെന്നും കേരള തീരത്ത് നിന്നും മത്സ്യബന്ധനത്തിനു പോകാന്‍ തടസ്സമില്ലെന്നുമാണ് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ വള്ളമിറക്കിയത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും മറൈന്‍ ആംബുലന്‍സും രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയന്ന് കോസ്റ്റല്‍ കള്‍ച്ചറല്‍ ഫോറം ആരോപിച്ചു.

Top