അസമിലെ വാതകചോര്‍ച്ച; 2 അഗ്​നിശമന സേന ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി

ഗുവാഹത്തി: അസമിലെ എണ്ണക്കിണറില്‍ വാതകചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപിടിത്തത്തിനിടെ കാണാതായ രണ്ടു അഗ്‌നിശമന സേന ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. ഓയില്‍ ഇന്ത്യ ലിമിറ്റഡിന് സമീപത്തെ ചതുപ്പുപ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

14 ദിവസം മുമ്പാണ് ടിന്‍സൂകിയ ജില്ലയിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ വാതകം ചോര്‍ന്നത്. തുടര്‍ന്ന് ചൊവ്വാഴ്ച തീപിടിക്കുകയായിരുന്നു. വാതകചോര്‍ച്ച പരിഹരിക്കാനാകാത്തതിനാല്‍ തീ അണക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു കിലോമീറ്റര്‍ ദൂരെനിന്നുപോലും തീ കാണാം. എണ്ണകിണറിന് ഒന്നര കിലോമീറ്ററിനുള്ളിലെ ആറായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.

അഗ്‌നി രക്ഷ സേനക്കൊപ്പം നാവികസേനയും സൈന്യവും സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം സ്ഥലത്തെത്തിയിരുന്നു. സിംഗപ്പൂരില്‍ നിന്ന് എണ്ണക്കിണറിലെ ചോര്‍ച്ച അടക്കുന്നതിനായി വിദഗ്ധര്‍ പുറപ്പെട്ടിട്ടുണ്ട്. വാതക ചോര്‍ച്ച പരിഹരിക്കാനായി എണ്ണക്കിണര്‍ അടക്കുന്നതിന് നാലാഴ്ച വേണ്ടിവരുമെന്നാണ് പറയുന്നത്.

Top