കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു, ബന്ദിയാക്കിയയാളെ രക്ഷപ്പെടുത്തി

ശ്രീനഗര്‍: കശ്മീരിലെ രംബാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിനിടെ ഭീകരര്‍ ബന്ദിയാക്കിയയാളെ സംയുക്തസേന സുരക്ഷിതമായി രക്ഷപ്പെടുത്തി. ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. സുരക്ഷാ സേന തിരിച്ച് നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ട് ഭീകരര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

കശ്മീരില്‍ രണ്ടിടത്താണ് ഏറ്റുമുട്ടലുണ്ടായത്.ഗന്ദര്‍ബലിലുണ്ടായഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. രംബാന്‍ ജില്ലയിലെ ബടോടില്‍ ജമ്മു – ശ്രീനഗര്‍ ഹൈവേയില്‍ ഭീകരര്‍ യാത്രാ ബസ് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്.ബടോടില്‍ അഞ്ച് ഭീകരരുടെ സംഘം ഒരു വീട്ടില്‍ കയറി ഗൃഹനാഥനെ ബന്ദിയാക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ രക്ഷപ്പെട്ടു. അഞ്ച് ഭീകരരില്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. വീടിനകത്തുണ്ടായിരുന്ന മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ യുടെ ട്രൈപ്പോഡിന് വെടിയേറ്റു.

സൈനിക വേഷത്തിലെത്തിയ തീവ്രവാദികളാണ് ബടോടില്‍ ബസ് തടഞ്ഞു നിര്‍ത്തിയത്. എന്നാല്‍ സംശയം തോന്നിയതോടെ ഡ്രൈവര്‍ ബസ് വേഗം ഓടിച്ചു പോയി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അതിനിടെ രണ്ടിടത്ത് സ്ഫോടനങ്ങള്‍ നടന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.

ഗന്ദര്‍ബലില്‍ വന്‍ ആയുധ ശേഖരം കണ്ടെടുത്തതായി നോര്‍ത്തേണ്‍ കമാന്‍ഡ് അറിയിച്ചു. അതിനിടെ ശ്രീനഗറില്‍ ജനവാസ മേഖലയിലേക്ക് ഭീകരന്‍ ഗ്രനേഡ് എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സി.ആര്‍.പി.എഫുകാരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ആര്‍ക്കും പരിക്കില്ല.

Top