ബീഹാറില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത രണ്ടുപേര്‍ മരിച്ചു

പട്ന: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത രണ്ടുപേര്‍ ഹൃദയാഘാതംമൂലം മരിച്ചു. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ മുഹമ്മദ് ദൗദും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. സമസ്തിപുര്‍ ജില്ലയില്‍ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.

പരിസ്ഥിതി സംരക്ഷണത്തിനും ദുഷ്ട ശക്തികളെ തുടച്ചുനീക്കുന്നതിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മനുഷ്യച്ചങ്ങലയില്‍ അണിനിരക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ജനങ്ങളോട് ആഹ്വാനം ചെയ്തത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപവീതം അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദര്‍ഭംഗ്രയിലെ ഉറുദു മീഡിയം സ്‌കൂളിലെ അധ്യാപകനായ മുഹമ്മദ് ദൗദ് മനുഷ്യച്ചങ്ങലയുടെ ഭാഗമായി നില്‍ക്കവെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് 18034 കിലോമീറ്റര്‍ ദൂരത്തില്‍ ഏകദേശം 5.17 കോടി ആളുകള്‍ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തത്. മനുഷ്യച്ചങ്ങലയുടെ ആകാശ ദൃശ്യം പകര്‍ത്താന്‍ ഏഴ് ഹെലികോപ്ടറുകളും നൂറുകണക്കിന് ഡ്രോണുകളെയും സജ്ജമാക്കിയിരുന്നു.

രാവിലെ 11.30ന് തുടങ്ങിയ മനുഷ്യ ചങ്ങല 12 മണിയോടെ അവസാനിച്ചു. പട്‌നയിലെ ഗാന്ധി മൈതാനില്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് മനുഷ്യച്ചങ്ങലക്ക് തുടക്കം കുറിച്ചത്. മാഗ്‌സസെ പുരസ്‌കാര ജേതാവ് രാജേന്ദ്ര സിംഗ്, യുഎന്‍ പരിസ്ഥിതി വിഭാഗം ഇന്ത്യന്‍ തലവന്‍ അതുലല്‍ ബാഗായി എന്നിവര്‍ ചങ്ങലയില്‍ കണ്ണികളായി.

Top