ഇന്നും നാളെയും മദ്യം ലഭിക്കില്ല; കേരളത്തിൽ രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ. ഇന്നും നാളെയും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. നാലാം ഓണ ദിനമായ ചതയം, ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ ഉള്ളത്. നാളെ ഒന്നാം തിയതി ആയതിനാലും ഡ്രൈ ഡേ ആയിരിക്കും. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല.

അതേസമയം സംസ്ഥാനത്ത് ഇക്കുറിയും ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നത്. ഉത്രാട ദിനം വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് ഓണദിവസങ്ങളിൽ വിറ്റു പോയത് കോടിക്കണക്കിന് രൂപയുടെ മദ്യമാണ്. ഉത്രാടം വരെയുള്ള അവസാനത്തെ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയം 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. അതായത് 41 കോടിയുടെ മദ്യ വിൽപ്പനയാണ് ഇക്കുറി ഉണ്ടായത്. ഉത്രാട ദിവസം മാത്രം 121 കോടി രൂപയുടെ മദ്യം വിൽപ്പന നടത്തി. അന്നേ ദിവസം ബെവ്കോ ഔട്ട് ലൈറ്റുകളിലൂടെ മാത്രം 116. 2 കോടി രൂപയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞ വർഷം ഉത്രാട ദിനത്തിൽ ബെവ്കോ ഔട്ട് ലൈറ്റുകളിലൂടെ 112. 07 കോടിരൂപയുടെ മദ്യമായിരുന്നു വിറ്റത്.

ഇരിങ്ങാലക്കുട ഔട്ട് ലൈറ്റിലൂടെ 1. 06 കോടി രൂപയുടെ മദ്യവും കൊല്ലം ആശ്രമം ഔട്ട് ലെറ്റിലൂടെ 1.01 കോടി രൂപയുടെ മദ്യവുമാണ് ഉത്രാട ദിനത്തിൽ വിൽപ്പന നടത്തിയത്. ചിന്നക്കനാൽ ഔട്ട് ലെറ്റിലാണ് ഏറ്റവും കുറഞ്ഞ മദ്യ വിൽപ്പന നടന്നത്. 6. 32 ലക്ഷം രൂപയുടെ മദ്യം മാത്രമാണ് ചിന്നക്കനാൽ ഔട്ട് ലെറ്റിൽ ഇക്കുറി ഉത്രാട ദിനത്തിൽ വിറ്റത്. വരും ദിവസങ്ങളിൽ ഓണം സീസണിലെ മൊത്തം വിൽപ്പനയുടെ കണക്കും പുറത്തുവരും.

Top