കൊവിഡ് രോഗി മരിച്ച വിവരം ബന്ധുക്കള്‍ അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ്; ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണം

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസം മരണപ്പെട്ട കൊവിഡ് രോഗിയുടെ ബന്ധുക്കള്‍. കൊവിഡ് ബാധിതനായി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹരിപ്പാട് സ്വദേശി ദേവദാസിന്റെ (55) മരണം അറിയിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 23ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ദേവദാസിന് ചികിത്സയിയിരിക്കെ കൊവിഡ് ബാധിക്കുകയും ഓഗസ്റ്റ് 9ന് കൊവിഡ് ഐസിയുവിലേയ്ക്ക് മാറ്റുകയുമായിരുന്നു. ആറു ദിവസമായി കൊവിഡ് ഐസിയുവില്‍ ചികിത്സയിലായിരുന്ന ദേവദാസ് രണ്ടുദിവസം മുന്‍പ് മരണപ്പെട്ടു.

എന്നാല്‍ തൊട്ടടുത്ത വാര്‍ഡിലുണ്ടായിരുന്ന ഭാര്യ രാജമ്മയെപ്പോലും ആശുപത്രി അധികൃതര്‍ മരണവിവരം അറിയിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. രണ്ട് ദിവസമായി ദേവദാസിനെക്കുറിച്ച് വിവരങ്ങള്‍ അറിയാന്‍ കഴിയാത്തതിനാല്‍ മക്കള്‍ നേരിട്ട് അന്വേഷിച്ചപ്പോഴാണ് ദേവദാസ് എന്നൊരാള്‍ ഐസിയുവില്‍ ഇല്ലെന്നാണ് ലഭിച്ച വിവരം.

തുടര്‍ന്ന് രേഖകള്‍ കാണിച്ചപ്പോള്‍ രോഗി മരണപ്പെട്ടെന്നും മൃതദേഹം മോര്‍ച്ചറിയിലുണ്ടെന്നുമായിരുന്നു അധികൃതരുടെ മറുപടിയെന്ന് ദേവദാസിന്റെ മകള്‍ രമ്യ പറയുന്നു.

Top