സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി: വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തതിന് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവെപ്പ് സംബന്ധിച്ച് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുംനിലപാട് പരസ്യമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സിപിഐ ഉന്നയിക്കുന്ന വാദങ്ങള്‍ പോലും മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഏഴ് പേരെയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വെടിവച്ച് കൊന്നത്. രണ്ട് സിപിഎം പ്രവര്‍ത്തകരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിട്ടുള്ളത്.രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതോടെ പുറത്താകുന്നത് സര്‍ക്കാരിന്റെ കിരാത മുഖമാണ്. ആശയ പ്രചരണം നടത്തുന്നവര്‍ക്കെതിരെയല്ല യുഎപിഎ ചുമത്തേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മാവോയിസ്റ്റ് വെടിവയ്പ്പുമായി ബന്ധപ്പെട്ട് സിപിഎമ്മും സര്‍ക്കാറും നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകാത്തത് കള്ളക്കളിയാണ്. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേരുന്ന നടപടികളല്ല പിണറായി വിജയന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top