കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കോഴിക്കോട്ട് എത്തിയ ഇവര്‍ക്ക് യാത്രയിലാവാം കൊവിഡ് 19 രോഗികളുമായി സമ്പര്‍ക്കം ഉണ്ടായതെന്നു കരുതുന്നു. മാര്‍ച്ചില്‍ ഡല്‍ഹിയിലേക്ക് വിനോദയാത്ര പോയ ഇവര്‍ തിരികെ വന്നത് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്ന ട്രെയിനിലായിരുന്നു. ഇവരില്‍ നിന്നാണോ രോഗം പകര്‍ന്നതെന്ന് പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പത്തംഗ സംഘമാണ് ഡല്‍ഹിയില്‍ വിനോദയാത്ര പോയത്.തിരിച്ചെത്തിയവരില്‍ ഒന്‍പതുപേര്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള ഒരു വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയായ സമയത്ത് നടത്തിയ പരിശോധനയിലാണ് ഒന്‍പത് പേരില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്.

വിദ്യാര്‍ഥികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണ്. അതിനു ശേഷമേ, ഏതേത് സാഹചര്യങ്ങളില്‍ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് സ്ഥിരീകരിക്കാനാവൂ.

ഹൗസ് സര്‍ജന്മാരുടെ പരിശോധന നടത്തിയ ആറ് മെഡിക്കല്‍ കോളേജ് അധ്യാപകരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top