കടലില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികളെ കാണാതായി; രണ്ട് പേരെ രക്ഷപ്പെടുത്തി

ചാവക്കാട്: കടലില്‍ കുളിക്കാനിറങ്ങിയ ആണ്‍കുട്ടികളെ കാണാതായി. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കുളിക്കാനിറങ്ങിയവരെയാണ് കാണാതായത്.

ജിഷ്ണു സാഗര്‍, വിഷ്ണു, ജഗന്നാഥന്‍, ചിക്കു എന്നീ നാല് വിദ്യാര്‍ത്ഥികളാണ്കടലില്‍ കുളിക്കാനിറങ്ങിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

ചാവക്കാട, ബ്ലാങ്ങാട് എന്നീ സമീപപ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവര്‍. ഇവരില്‍ രണ്ട് പേരെ വഞ്ചിക്കാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ടു കുട്ടികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

സമീപപ്രദേശങ്ങളിലുള്ള കുട്ടികളായതിനാല്‍ ഇവര്‍ കടലിലേക്ക് പോകുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല. ഇവരെ കാണാതായതോടെയാണ് തിരച്ചില്‍ ആരംഭിച്ചത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ചാവക്കാട് കര്‍ശന നിയന്ത്രണമുണ്ടായിരുന്നു. കുറച്ചുദിവസം മുമ്പ് മാത്രമാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.

Top