സിനിമയെ വെല്ലും ഭീകര മോഷ്ടാക്കൾ, ഇപ്പോൾ കേരള പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: എറണാകുളത്തെ വിറപ്പിച്ച ‘ഭീകര’ മോഷണ കേസിലെ പ്രതികള്‍ പിടിയിലായി. ബംഗ്ലദേശിലെ ഛന്ദിപുര്‍ സ്വദേശികളായ മാണിക് (35), അലംഗീര്‍ റഫീക്ക് (33) എന്നിവരെയാണു ഡല്‍ഹിയില്‍ ക്രൈംബ്രാഞ്ച് എസ്ടിഎഫ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്യുന്നതിനായി ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ പൂങ്കുഴലി, എറണാകുളം നോര്‍ത്ത് എസ്‌ഐ മൊയ്തീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയോഗിച്ചു.

ഡല്‍ഹി പൊലീസില്‍ നിന്നും കണ്ണൂര്‍ സിറ്റി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ മാണിക്കിനെ എസ്‌ഐ മൊയ്തീനും സംഘവും കണ്ണൂരിലെത്തി അറസ്റ്റു ചെയ്തു. തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന അലംഗീറിനെ നോര്‍ത്ത് പൊലീസ് ജയിലിലെത്തി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. ബംഗ്ലദേശില്‍ നിന്ന് അനധികൃതമായി കുടിയേറി ഡല്‍ഹിയില്‍ താമസിക്കുകയായിരുന്നു പ്രതികള്‍. വീട്ടുടമസ്ഥരെ ബന്ദികളാക്കി ആയുധങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികളാണ് ഇവര്‍. ഡല്‍ഹി പൊലീസുമായി ചേര്‍ന്നു നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ നേരത്തെ നാലു പേര്‍ പിടിയിലായിരുന്നു.

അഞ്ച് കോടിയില്‍ പരം മൊബൈല്‍ നമ്പരുകള്‍ പരിശോധിച്ചാണു പൊലീസ് പ്രതികളെ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചതിനു പിന്നാലെ കവര്‍ച്ച സംഘമെന്നു സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ നഗരത്തിലെ തിയറ്ററില്‍നിന്ന് പൊലീസിന് ലഭിച്ചിരുന്നു. പ്രതികളെന്നു സംശയിച്ചവരെ കേന്ദ്രീകരിച്ച് ഡല്‍ഹിയിലും ബംഗാളിലും എത്തിയെങ്കിലും പൊലീസിനെ വെട്ടിച്ചു പ്രതികള്‍ ബംഗ്ലാദേശിലേക്കു കടന്നു. അനധികൃതമായി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ സംഘം ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും സമാന രീതിയില്‍ കവര്‍ച്ച നടത്തിയിരുന്നു.

എറണാകുളം ഞാറയ്ക്കല്‍ ഓച്ചന്‍ തുരുത്തില്‍ പഴയ സാധനങ്ങള്‍ ശേഖരിച്ചു വില്‍പന നടത്തുന്നതിനെന്ന പേരില്‍ വീട് വാടകയ്‌ക്കെടുത്ത ശേഷമായിരുന്നു കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നത്. കേസിലെ മുഖ്യപ്രതി ഓച്ചന്‍ തുരുത്തില്‍ കുടുംബമായി താമസിച്ചിരുന്ന നസീര്‍ഖാന്‍ എന്ന നൂര്‍ഖാന്‍ ഇപ്പോഴും ബംഗ്ലദേശില്‍ ഒളിവിലാണ്. ആക്രി ശേഖരിക്കാന്‍ എന്ന പേരില്‍ സഞ്ചരിച്ചാണു മോഷ്ടിക്കുന്നതിനുള്ള വീടുകള്‍ കണ്ടെത്തുകയും പദ്ധതി നടപ്പാക്കുകയും ചെയ്തിരുന്നത്.

തോക്ക് ഉള്‍പ്പടെയുള്ള മാരകായുധങ്ങളുമായി എത്തി വീടിന്റെ ഗ്രില്‍ ഇളക്കി മാറ്റിയ ശേഷം വീട്ടുകാരെ ബന്ദികളാക്കി കൊള്ളയടിക്കുന്നതാണു പ്രതികളുടെ പതിവ്. എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപം ഇല്ലിമൂട്ടില്‍ ഇ.കെ.ഇസ്മയിലിന്റെ വീട്ടില്‍ 2017 ഡിസംബര്‍ 15ന് പുലര്‍ച്ചെയും തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡില്‍ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടില്‍ പിറ്റേന്നുമാണ് മോഷണം നടന്നത്. പുല്ലേപ്പടിയില്‍നിന്നു ഗൃഹനാഥയുടെ മാലയും വളയുമടക്കം അഞ്ചുപവന്‍ സ്വര്‍ണം മോഷണം പോയപ്പോള്‍, തൃപ്പൂണിത്തുറയില്‍നിന്ന് 54 പവനും 20,000 രൂപയും മൊബൈല്‍ ഫോണുകളുമാണു നഷ്ടമായത്.

ഇസ്മയിലിന്റെ വീട്ടില്‍ മാരകായുധങ്ങളുമായി പുലര്‍ച്ചെ അതിക്രമിച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന്റെ ഭാര്യ സൈനബയുടെ മാലയും വളയുമടക്കം അഞ്ചുപവന്‍ സ്വര്‍ണം കവര്‍ന്നു. വീട്ടുകാരെ മുഴുവന്‍ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു കവര്‍ച്ച. പൊലീസ് അന്വേഷണത്തില്‍ വീട്ടുവളപ്പില്‍നിന്നു നാടന്‍ തോക്കിന്റെ തിര കണ്ടെടുത്തിരുന്നു. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ക്കമ്പി കമ്പിപ്പാരയുപയോഗിച്ചു വളച്ചാണു കവര്‍ച്ചാ സംഘം വീടിനുള്ളില്‍ കടന്നത്.

പുല്ലേപ്പടിയിലെ മോഷണത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പാണ് തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡില്‍ നന്നപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടില്‍ സംഘമെത്തിയത്.

ആക്രമണത്തില്‍ ഗൃഹനാഥന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്കേറ്റിരുന്നു. 54 പവനും 20,000 രൂപയും മൊബൈല്‍ ഫോണുകളും ഇവിടെനിന്ന് കവര്‍ന്നു. മാരകായുധങ്ങള്‍ കാണിച്ചു വീട്ടുകാരെ ബന്ദികളാക്കിയാണു പുലര്‍ച്ചെ രണ്ടു മണിയോടെ കവര്‍ച്ച നടത്തിയത്. 15 പേരടങ്ങുന്ന ഉത്തരേന്ത്യന്‍ സംഘടിത കുറ്റവാളി സംഘമാണു കവര്‍ച്ച നടത്തിയതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

വീടിന്റെ മുന്‍ഭാഗത്തെ ജനലിന്റെ ഗ്രില്‍ പിഴുതു മാറ്റിയാണു കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. ആനന്ദകുമാര്‍ (49), അമ്മ സ്വര്‍ണമ്മ (72), ഭാര്യ ഷാരി (46), മക്കള്‍ ദീപക്, രൂപക് എന്നിവരെ വീടിന്റെ കുളിമുറിയടക്കം ഓരോ മുറിയിലായി കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. മൂന്നു മണിക്കൂറോളം വീട് അരിച്ചുപെറുക്കിയ കവര്‍ച്ചസംഘം അഞ്ചു മണിയോടെ പുറത്തു പോയപ്പോഴാണ്, ഇളയ മകന്‍ രൂപക് മുഖത്ത് ഒട്ടിച്ചിരുന്ന പ്ലാസ്റ്റര്‍ അടര്‍ത്തിമാറ്റി ഒച്ചവച്ച് അയല്‍വാസികളെ വിവരമറിയിച്ചത്. സമീപവാസിയായ അഖില്‍ തോമസ് ഇവരെ രക്ഷിച്ചു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പുല്ലേപ്പടിയില്‍ വയോധികരായ ദമ്പതികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയും തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ടും നടത്തിയ കവര്‍ച്ചകള്‍ സമാനതകളുള്ളതായിരുന്നു. സമീപവാസികളും വീട്ടുകാരും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുസ്ഥലത്തെയും മോഷണങ്ങള്‍ ഒരേ സ്വഭാവമുള്ളതാണെന്നു കണ്ടെത്തിയത്. പുല്ലേപ്പടിയിലെയും തൃപ്പൂണിത്തുറയിലെയും വീടുകള്‍ തമ്മില്‍ റെയില്‍വേ ട്രാക്കുമായി വളരെ അടുത്താണ്.

മാരകമല്ലാത്ത ആയുധങ്ങള്‍കൊണ്ടാണ് ഇരകളെ ആക്രമിച്ചത്. തൃപ്പൂണിത്തുറയില്‍ ഗൃഹനാഥനെ മരക്കമ്പുകൊണ്ടു തലയ്ക്കടിച്ചു പരുക്കേല്‍പിച്ചു. പുല്ലേപ്പടിയില്‍ പാര കാണിച്ചു ഭീഷണിപ്പെടുത്തി നിശബ്ദരാക്കി. പുല്ലേപ്പടിയില്‍ നാടന്‍ തോക്കിന്റെ തിര പ്രതികള്‍ അവശേഷിപ്പിച്ചു. തൃപ്പൂണിത്തുറയില്‍ പ്രതികള്‍ ഗേറ്റില്‍നിന്ന് അറുത്തെടുത്ത കമ്പിയുടെ കഷ്ണവും ആഭരണങ്ങള്‍ മുറിച്ചെടുക്കുന്ന കട്ടിങ് പ്ലെയറും ഉപേക്ഷിച്ചു. രണ്ടിടത്തും സ്വര്‍ണാഭരണങ്ങള്‍ക്കാണു കവര്‍ച്ചക്കാര്‍ പ്രാധാന്യം കൊടുത്തതെന്നും പൊലീസ് പറഞ്ഞു.

Top