കണ്ണൂരില്‍ ആനക്കൊമ്പുമായി രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേര്‍ അറസ്റ്റില്‍. വാരം സ്വദേശി മഹറൂഫ്, മുണ്ടേരി സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ കടത്തകുകയായിരുന്ന ആനക്കൊമ്പ് പിടികൂടിയത്. പിടിച്ചെടുത്ത ആനക്കൊമ്പിന് വിദേശ വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വില വരുമെന്ന് അധികൃതര്‍ പറഞ്ഞു.

മൂന്ന് ദിവസമായി ഇവര്‍ വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. വില്‍പ്പനയിലെ മറ്റ് ഇടപാടുകാര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ ചന്ദ്രന്‍, സുനില്‍കുമാര്‍, ഷൈജു തുടങ്ങിയവരും സ്‌ക്വാഡിലുണ്ടായിരുന്നു.

കണ്ണൂര്‍ ഭാഗത്ത് ആനക്കൊമ്പ് വില്‍പ്പന നടത്താന്‍ ശ്രമം നടക്കുന്നതായി തിരുവനന്തപുരം വിജിലന്‍സ് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ വനം വകുപ്പ് അധികൃതര്‍ പരിശോധന ശക്തമാക്കിയത്. വില്‍പ്പനയ്ക്കായി ആനക്കൊമ്പ് ഇവരെ മറ്റൊരു സംഘം ഏല്‍പ്പിച്ചതായാണ് വനവകുപ്പ് സംശയിക്കുന്നത്.

Top