മയക്കുമരുന്നും കഞ്ചാവുമായി രണ്ട് പേര്‍ പൊലീസ് പടിയില്‍

മലപ്പുറം: മയക്കുമരുന്നും കഞ്ചാവുമായി രണ്ട് പേര്‍ പൊലീസ് പടിയില്‍. മുണ്ടുപറമ്പ് സ്വദേശികളായ ബ്രികേഷ് (36), രായന്‍ വീട്ടില്‍ അതുല്‍ ഇബ്രാഹിം (26) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും മാരകശേഷിയുള്ള 12ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എ (മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍)യും 70 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്ന് യുവാക്കളെ ലക്ഷ്യം വച്ച് വന്‍തോതില്‍ സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്ന് ജില്ലയില്‍ എത്തിയതായി പൊലീസ് അറിയിച്ചു. പ്രത്യേക കാരിയര്‍മാര്‍ വഴിയാണ് മയക്കുമരുന്ന് എത്തുന്നതെന്നാണ് പൊലീസ് നിഗമനം.

ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ മയക്കുമരുന്ന് സംഘങ്ങളില്‍ നിന്നുമാണ് മയക്കുമരുന്ന് വാങ്ങുന്നത്. ഇത് വില്‍പനക്കാര്‍ക്ക് ട്രെയിന്‍ മാര്‍ഗവും പ്രത്യേക കാരിയര്‍മാര്‍ വഴിയും എത്തിച്ചു കൊടുക്കും. ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്ന കോളജ് വിദ്യാര്‍ഥികളെ ലഹരിക്കടത്തിന് ഉപയോഗിക്കുന്നതായും ജില്ല പൊലീസ് മേധാവിക്ക് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

 

Top