തൃശൂരിലെ എടിഎമ്മിലെ മോഷണശ്രമം; ഒറ്റപ്പാലം സ്വദേശികള്‍ പിടിയില്‍

തൃശൂര്‍ : പാറമേല്‍പടിയില്‍ എസ്ബിഐ എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ചവര്‍ പിടിയില്‍. ഒറ്റപ്പാലം സ്വദേശികളായ പ്രജിത്തും രാഹുലുമാണ് പിടിയിലായത്. ഒറ്റപ്പാലത്ത് ഹോട്ടല്‍ നടത്തിപ്പുക്കാരാണ് രണ്ടുപേരും. സമാനരീതിയില്‍ ഒറ്റപ്പാലത്ത് കവര്‍ച്ച നടത്താന്‍ ശ്രമം നടന്നിരുന്നു.

അഞ്ച് ലക്ഷത്തിന്‍റെ കട ബാധ്യത തീർക്കാനാണ് മോഷ്ടിക്കാൻ ശ്രമിച്ചതെന്ന് പ്രതികൾ പൊലീസിനോട് കുറ്റസമ്മതം നടത്തി.

കൊണ്ടാഴി പാറമേല്‍പടി ജംക്ഷനിലെ എ.ടി.എം. കൗണ്ടര്‍ ആണ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെ ആണ് കവർച്ച ശ്രമം നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് എ ടി എം തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

എടിഎമ്മില്‍ നിന്ന് പണം നഷ്ടമായിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. ബാത്‌റൂമിൽ പോകാനായി ഉണർന്ന സമീപവാസി ശബ്ദം കേട്ട് പുറത്തു വന്നതോടെ മോഷ്ടാക്കൾ കടന്നു കളഞ്ഞു. കാറിൽ വേഗത്തിൽ പോകവെ കുഴിയിൽ കുടുങ്ങിയതിനെ തുടർന്ന് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

Top