കോട്ടയത്ത് കാറിലെത്തി മാല മോഷണ ശ്രമം, പിടിയിൽ

കോട്ടയം: എരുമേലിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻറെ മാല മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കൾ പൊലീസിൻറെ പിടിയിലായി. എരുമേലി സ്വദേശികളായ മുനീർ ( 32 ) , മുബാറക്ക് എ റഫീഖ് ( 24 ) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം എരുമേലിയിൽ ഉള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ വിനീഷിൻറെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. പ്രതികൾ രണ്ടുപേരും ചേർന്ന് വൈകുന്നേരം കാറിലാണ് ധനകാര്യ സ്ഥാപനത്തിൽ എത്തിയത്. പണമിടപാട് നടത്തുന്നതിന് എന്ന വ്യാജേനയായിരുന്നു ഇവർ എത്തിയത്.

കൗണ്ടറിൽ ഇരുന്ന വിനീഷിൻറെ കയ്യിൽ ബലമായി പിടിച്ചതിനു ശേഷം മാല പൊട്ടിച്ചെടുക്കാനായിരുന്നു ശ്രമം. ആഞ്ഞുവലിച്ചിട്ടും മാല പൊട്ടിയില്ല. വിനീഷ് മോഷണശ്രമം പ്രതിരോധിച്ച് നിലവിളിക്കുകയും ചെയ്തു. ബഹളം കേട്ട് കൂടെയുള്ള സഹപ്രവർത്തകർ വന്നപ്പോഴേക്കും പ്രതികൾ രണ്ടു പേരും സ്ഥാപനത്തിൽ നിന്നും ഇറങ്ങിയോടി. താഴെ പാർക്ക് ചെയ്തിരുന്ന കാറിൽ കയറി കടന്നുകളഞ്ഞു. പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം തന്നെ ഇരുവരും കുടുങ്ങുകയായിരുന്നു.

പ്രതികളിൽ ഒരാളായ മുബാറക്കിന് എരുമേലി സ്റ്റേഷനിൽ തന്നെ വധശ്രമം , അടിപിടി തുടങ്ങി ഏഴ് കേസുകളും , മുനീറിന് എരുമേലി ,വെച്ചൂച്ചിറ , തൃക്കാക്കര , എന്നീ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. എരുമേലി എസ് എച്ച് ഓ അനിൽ കുമാർ , എസ് ഐ മാരായ അനീഷ് എം എസ് , അസീസ് , സുരേഷ് ബാബു , എ എസ് ഐ രാജേഷ്, സി പി ഓ മനോജ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Top