ആലുവ സ്വര്‍ണ കവര്‍ച്ച കേസ്; ഇടനിലക്കാരായ രണ്ട് പേര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍

കൊച്ചി: ആലുവ സ്വര്‍ണ കവര്‍ച്ച കേസില്‍ സ്വര്‍ണം വിറ്റഴിച്ചതിന് ഇടനിലക്കാരായ രണ്ട് പേര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍.ചങ്ങനാശ്ശേരി സ്വദേശി ദീപക്, തൊടുപുഴ സ്വദേശി അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്.

കവര്‍ച്ച ചെയ്ത 20 കിലോ സ്വര്‍ണത്തില്‍ രണ്ട് കിലോ സ്വര്‍ണം കോട്ടയത്തെ ജ്വല്ലറിയില്‍ വിറ്റഴിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസില്‍ മഖ്യ പ്രതികളായ അഞ്ചുപേര്‍ നേരത്തെ പിടിയിലായെങ്കിലും സ്വര്‍ണത്തെക്കുറിച്ച് ഒരു വിവരവും കിട്ടിയിരുന്നില്ല.

കഴിഞ്ഞ മെയ് പത്തിന് പുലര്‍ച്ചെയാണ് ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുപോകുകയായിരുന്ന മലര്‍ രൂപത്തില്‍ ഉള്ള 20 കിലോ സ്വര്‍ണം വാഹനം ആക്രമിച്ച് പ്രതികള്‍ തട്ടിയെടുത്തത്.

ആറ് കോടി വിലവരുന്ന സ്വര്‍ണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്. കേസന്വേഷിച്ച ലോക്കല്‍ പൊലീസിന് പ്രതികളെ മുഴുവന്‍ പിടികൂടാന്‍ കഴിഞ്ഞെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Top