കോട്ടിന് പിന്നാലെ കണ്ണടയും; ചര്‍ച്ചയാവുന്നത് മോദിയുടെ സണ്‍ ഗ്ലാസിന്റെ വില

നത്ത മൂടല്‍ മഞ്ഞായിരുന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്നലെ വലയസൂര്യഗ്രഹണം കാണാനായില്ല. എന്നാല്‍ സൂര്യഗ്രഹണം കാണുവാനുള്ള ഗ്ലാസും പിടിച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പം കോഴിക്കോട്ടെ വലയസൂര്യഗ്രഹണം ലൈവ് സ്ട്രീമിലൂടെ വ്യക്തമായി കണ്ടെന്നും, അതില്‍ സന്തോഷമുണ്ടെന്നും മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇത് ട്രോള്‍ ആകാന്‍ സാധ്യതയുണ്ടെന്ന ട്വീറ്റിന് റീട്വീറ്റ് ചെയ്ത് മോദി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് സൂര്യഗ്രഹണം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ച കണ്ണടയും അതിന്റെ വിലയുമൊക്കെയാണ്. 1.6 ലക്ഷം രൂപയാണ് ഈ കണ്ണടയുടെ വിലയെന്ന് വാദിച്ച് ഒട്ടേറെ പേര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. കണ്ണടയുടെ വില പറയുന്നവരുടെ എണ്ണം സമൂഹമാധ്യമങ്ങളില്‍ കൂടി വരികയാണ്. ഇത് എല്ലാവരും ഏറ്റെടുത്തതോടെ മോഡിയുടെ കോട്ടിന് പിന്നാലെ കണ്ണടയും തരംഗമാവുകയാണ്.

രാഷ്ട്രീയ നിരീക്ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ധ്രുവും ഇതിനെക്കുറിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡി 1.6 ലക്ഷം രൂപയുടെ സണ്‍ഗ്ലാസ്സ് ധരിച്ചതില്‍ എനിക്ക് വ്യക്തപരമായി പ്രശ്നങ്ങളൊന്നും ഇല്ല. പക്ഷെ അദ്ദേഹം സ്വയം ഞാനൊരു ഫക്കീര്‍ ആണെന്ന് വിളിക്കുന്നത് നിര്‍ത്തണം എന്നാണ് ധ്രുവ് ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. അതേ സമയം ഇത് വ്യാജപ്രചരണമാണ് എന്നും പറഞ്ഞ് ബിജെപി അനുകൂലികള്‍ രംഗത്ത് എത്തുകയും ചെയ്തു.

Top