ട്വിറ്റര്‍ ആക്ടീവ് അല്ലാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യാനൊരുങ്ങുന്നു; ഇമെയിലിലൂടെ മുന്നറിയിപ്പും

ട്വിറ്റര്‍ തങ്ങളുടെ പോര്‍ട്ടലില്‍ നിന്ന് ആക്ടീവ് അല്ലാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. യൂസര്‍ നൈമുകള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിനായാണ് ഇത്തരത്തില്‍ ഒരു നീക്കമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതിന്റെ ഭാഗമായി ആക്ടീവ് അല്ലാത്ത അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പ് ഇമെയിലുകള്‍ അയച്ചു തുടങ്ങി. റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു ഉപയോക്താവ് ആറുമാസത്തില്‍ കൂടുതല്‍ ആക്ടീവ് അല്ലാതെയുണ്ടെങ്കില്‍ ഡിസംബര്‍ 11 നകം അവര്‍ സൈന്‍ ഇന്‍ ചെയ്യണം. അല്ലാത്തപക്ഷം കമ്പനി ആ അക്കൗണ്ട് നീക്കംചെയ്യും.

ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ ആളുകള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ അവതരിപ്പിക്കുന്നതിന് ആക്ടീവ് അല്ലാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് ട്വിറ്റര്‍ വക്താവ് വ്യക്തമാക്കി. ഈ പദ്ധതിയിലൂടെ ഒരു വിഭാഗം ആക്ടീവ് അല്ലാത്ത ഉപയോക്താക്കളെ കൂടുതല്‍ ആക്ടീവ് ആക്കി മാറ്റാന്‍ സാധിക്കുമെന്നും കൂടുതല്‍ യൂസര്‍ നൈമുകള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും ട്വിറ്റര്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

ഉപയോക്താക്കള്‍ക്ക് അവരുടെ റിപ്ലെകള്‍ ഹൈഡ് ചെയ്ത് വയ്ക്കാന്‍ സാധിക്കുന്ന ഒരു പുതിയ ഫീച്ചര്‍ ട്വിറ്റര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ പുതിയ സവിശേഷതകള്‍ അവതരിപ്പിക്കാനും കമ്പനി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Top