വാഹന വിപണിയുടെ തകർച്ചക്കു കാരണം 1980-90 കളിൽ ജനിച്ചവരെന്ന് നിർമല സീതാരാമൻ

ന്യൂഡല്‍ഹി : രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ, വാഹന വിപണിയുടെ മാന്ദ്യത്തിന്റെ കാരണം 1980-കളുടെ അവസാനത്തിലും 90-കളുടെ ആദ്യത്തിലും ജനിച്ച തലമുറ ആണെന്ന വിചിത്രവാദവുമായി ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍.

ഈ തലമുറയിലെ ജനങ്ങള്‍ ഊബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നതും കാറുകള്‍ വാങ്ങാത്തതും വാഹനവിപണിക്ക് തിരിച്ചടിയാകുന്നുവെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ 100 ദിവസത്തെ ഭരണനേട്ടങ്ങള്‍ എന്ന വിഷയത്തില്‍ ചെന്നൈയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇതിനുപിന്നാലെ ‘മില്ലേനിയല്‍സിനെ ബഹിഷ്‌കരിക്കുക’ #BoycottMillenials നിര്‍മലാമ്മയുടേതു പോലെ പറയുക’ #SayItLikeNirmalaTai എന്നീ ഹാഷ് ടാഗുകളില്‍ രൂക്ഷമായ പരിഹാസമാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.

കുറ്റം മില്ലേനിയല്‍സിനെങ്കില്‍ അവരെ ബഹിഷ്‌കരിക്കണമെന്ന പ്രതികരണവുമായാണ് നിര്‍മലയുടെ വാദത്തെ സോഷ്യല്‍ മീഡിയ നേരിട്ടത്. ക്ഷണനേരം കൊണ്ടുതന്നെ #BoycottMillenials, #SayItLikeNirmalaTai എന്നിവ ട്വിറ്ററിലെ ടോപ് ട്രെന്‍ഡുകളിലെത്തി. മില്ലേനിയന്‍സ് ശ്വസിക്കുന്നതു കൊണ്ട് രാജ്യത്ത് ഓക്സിജന്‍ ക്ഷാമമുണ്ടാകുന്നുവെന്നും അതിനാല്‍ അവരെ ബഹിഷ്‌കരിക്കണമെന്നും എന്നുമാണ് ഉയര്‍ന്ന പരിഹാസങ്ങളിലൊന്ന്. ഇവര്‍ അടിവസ്ത്രം ധരിക്കാത്തതു കൊണ്ടാണോ വസ്ത്രനിര്‍മാണ രംഗത്ത് തകര്‍ച്ചയുണ്ടായത് എന്ന ചോദ്യവും ഉയര്‍ന്നു.

Top