Twitter will soon filter out abusive replies to tweets

വ്യാജ അക്കൗണ്ടുകള്‍ വഴിയുള്ള അധിക്ഷേപപരവും അതിവൈകാരികവുമായ ട്വീറ്റുകള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ട്വിറ്റര്‍.

പുതിയ മാറ്റങ്ങളോടെയാകും വരും ദിവസങ്ങളില്‍ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുക.

ഗൂഗിള്‍, ആപ്പിള്‍, ഡിസ്‌നി തുടങ്ങിയ വന്‍കിട കുത്തകള്‍ ട്വിറ്ററുമായി കരാറിലേര്‍പ്പെടാന്‍ മടിച്ച സാഹചര്യത്തിലാണ് പുതിയ നടപടി.

വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാല്‍ അത് അതിരുവിട്ട ആക്ഷേപമാകുമ്പോള്‍ നടപടി ശക്തമാക്കേണ്ടി വരുമെന്നാണ് ട്വിറ്ററിന്റ മുന്നറിയിപ്പ്. ഇതിനായി പുതിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് ട്വിറ്റര്‍ എഞ്ചിനീയറിങ് വിഭാഗം.

ഒരിക്കല്‍ ബ്ലോക്ക് ചെയ്ത വ്യക്തികള്‍ വീണ്ടും പുതിയ അക്കൗണ്ട് ഉണ്ടാക്കുന്നത് തടയുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ട്വിറ്റര്‍ എഞ്ചിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റ് എഡ് ഹോ പറഞ്ഞു.

ലോകത്ത് എവിടെനിന്നും സുരക്ഷിതമായി ട്വിറ്റര്‍ ഉപയോഗിക്കാന്‍ സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സെ പറഞ്ഞു. അടുത്ത ആഴ്ചകളില്‍ ഈ മാറ്റങ്ങളോടെയാകും ട്വിറ്റര്‍ ഉപഭോക്താക്കളിലേക്ക് എത്തുക.

Top