കെജ്‌രിവാള്‍, ലാലുപ്രസാദ് വിഷയത്തില്‍ ബിജെപി നേതാക്കള്‍ തമ്മില്‍ ട്വിറ്റര്‍ പോര്

ന്യൂഡല്‍ഹി: കെജ്‌രിവാള്‍, ലാലു പ്രസാദ് യാദവ് തുടങ്ങിയ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള ബിജെപി നീക്കത്തെ ചൊല്ലി നേതാക്കള്‍ തമ്മില്‍ ട്വിറ്റര്‍ പോര്.

ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹയും ബീഹാറില്‍ നിന്നുള്ള ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയും തമ്മിലാണ് ട്വിറ്ററില്‍ ഏറ്റുമുട്ടല്‍ നടന്നത്.

കെജ്‌രിവാള്‍, ലാലുപ്രസാദ് യാദവ് തുടങ്ങിയ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ചെളിവാരിയെറിയുന്ന വിലകുറഞ്ഞ രാഷ്ട്രീയം ബിജെപി നേതാക്കള്‍ നിര്‍ത്തണം. ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മാധ്യമങ്ങള്‍ക്കു വാര്‍ത്തയുണ്ടാക്കാനായി മാത്രം ഇനി അത് തുടരരുതെന്ന് ശത്രുഘന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.

ശത്രുഘന്‍ സിന്‍ഹയുടെ നിലപാടിനെതിരെ ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി ട്വിറ്ററില്‍ ആഞ്ഞടിച്ചു. സിന്‍ഹയെ രൂക്ഷമായി വിമര്‍ശിച്ച സുശീല്‍കുമാര്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നും പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിനും ലാലുപ്രസാദ് യാദവിനും എതിരായി ബിജെപി നേതാക്കള്‍ ഉന്നയിച്ച അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ ട്വിറ്റര്‍ പോസ്റ്റ്. കെജ്‌രിവാള്‍ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നും ലാലുപ്രസാദ് അനധികൃതമായി സ്വത്തു സമ്പാദിച്ചു എന്നുമായിരുന്നു ആരോപണങ്ങള്‍.

പാര്‍ട്ടിയുടേതില്‍നിന്ന് വ്യത്യസ്തമായ നിലപാടുകളുടെയും മുതിര്‍ന്ന നേതാക്കളെയടക്കം വിമര്‍ശിച്ചതിന്റെയും പേരില്‍ ശത്രുഘ്‌നന്‍ സിന്‍ഹ മുന്‍പും ബിജെപിയെ കുഴപ്പത്തിലാക്കിയിട്ടുണ്ട്.

ലാലുപ്രസാദും നിതീഷ് കുമാറും തമ്മിലുള്ള അടുപ്പത്തിന്റെ പേരില്‍ സിന്‍ഹ പാര്‍ട്ടിയുടെ കടുത്ത അസംതൃപ്തിക്കും പാത്രമായിരുന്നു.

Top