മോഹന്‍ ഭാഗവതിന്റെ അക്കൗണ്ടിന്റെ ബ്ലൂ ടിക് എടുത്തുകളഞ്ഞ് ട്വിറ്റര്‍

ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് ട്വിറ്റര്‍ എടുത്ത് കളഞ്ഞു. മറ്റു ചില ആര്‍എസ്എസിന്റെ പ്രധാനപ്പെട്ട നേതാക്കളുടെയും വെരിഫിക്കേഷന്‍ ടിക്ക് ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് എടുത്ത് കളഞ്ഞിരുന്നെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം അത് പുനഃസ്ഥാപിച്ചു. ആറ് മാസത്തിനിടെ അക്കൗണ്ടില്‍ സജീവമാകാത്തതിനെ തുടര്‍ന്നാണ് ബ്ലൂ ടിക്ക് പിന്‍വലിച്ചതെന്നായിരുന്നു വിശദീകരണം.

ഇന്ന് രാവിലെ മുതല്‍ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, അരുണ്‍ കുമാര്‍, മുന്‍ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, നിലവിലെ സമ്പര്‍ക്ക് പ്രമുഖ് അനിരുദ്ധ ദേശ്പാണ്ഡെ എന്നിവരുടെ ബ്ലൂ ടിക്കും നഷ്ടമായിരുന്നു. മോഹന്‍ ഭാഗവതിന്റേതടക്കം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

കോണ്‍ഗ്രസ് ടൂള്‍ കിറ്റ് ആരോപണത്തില്‍ ബിജെപി നേതാക്കളുടെ ട്വീറ്റില്‍ കൃത്രിമം എന്ന് ടാഗ് ചെയ്തത് മുതല്‍ കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു. ഇതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഡിജിറ്റല്‍ നിയമം സംബന്ധിച്ച് ട്വിറ്ററിന് ഇന്ന് കേന്ദ്രം അന്തിമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Top