ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിങ് ധോണിയുടെ അക്കൗണ്ടില്‍ നിന്ന് ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍. 82 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടിലെ ബ്ലൂടിക്ക് ശനിയാഴ്ചയാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. 2020 ഓഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോള്‍ ഐ.പി.എല്ലില്‍ മാത്രമാണ് കളിക്കുന്നത്.
പൊതുവേ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത ധോണി കഴിഞ്ഞ ജനുവരി എട്ടിനാണ് ട്വിറ്ററില്‍ അവസാനമായി പോസ്റ്റ് ഇട്ടിട്ടുള്ളത്. അക്കൗണ്ട് സജ്ജീവമല്ലാത്തതിനാലാണോ അതോ മറ്റ് കാരണങ്ങളാലാണോ ബ്ലൂടിക്ക് നീക്കം ചെയ്തതെന്ന് ട്വിറ്റര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സോഷ്യല്‍ മീഡിയ അക്കൗണ്ട് ആധികാരികമാണെന്ന് തെളിയിക്കുന്നതാണ് ബ്ലൂടിക്ക് വെരിഫിക്കേഷന് ബാഡ്ജ്. ഒരു അക്കൗണ്ടിന് വെരിഫിക്കേഷന് ബാഡ്ജ് ലഭിക്കണമെങ്കില്‍ അത് ആധികാരികവും ശ്രദ്ധേയവും സജീവവുമായിരിക്കണം.