ആദ്യ ലൈവ് സ്ട്രീം ഷോപ്പിങ് നടത്താനൊരുങ്ങി ട്വിറ്റര്‍

ഹൈപ്പര്‍ മാര്‍ക്കറ്റ് രംഗത്തെ വന്‍കിട അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിനൊപ്പം നവംബര്‍ 28ന് വൈകീട്ട് ഏഴുമണിക്ക് ആദ്യ ഷോപ്പിങ് ലൈവ് സ്ട്രീം നടത്താനൊരുങ്ങി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍. ഉപഭോക്താക്കള്‍ക്ക് അനന്തമായ ഷോപ്പിങ് അവസരമൊരുക്കുന്ന ലൈവ് ഷോപ്പിങ് ആദ്യമായാണ് ട്വിറ്റര്‍ നടത്തുന്നത്.

ലൈവ് ഷോപ്പിങ് പേജില്‍ പുതിയ ഷോപ്പബിള്‍ ബാനര്‍, ഷോപ് ടാബ് എന്നിവയുണ്ടാകും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് നിര്‍മാതാക്കളുമായി സംവദിക്കാനും നല്ല ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും കഴിയുമെന്ന് ട്വിറ്റര്‍ അറിയിച്ചു. ആര്‍ട്ടിസ്റ്റ് ജാസണ്‍ ഡെറ്യൂലോ ഹോസ്റ്റ് ചെയ്യുന്ന ” 30 മിനുട്ട് വെറൈറ്റി ഷോ” വഴി ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ അവതരിപ്പിക്കും.

പ്രത്യേക അതിഥികളും ലൈവിലെത്തും. നേരത്തെ മെറ്റ ക്രിയേറ്റേഴ്‌സിന് ഫേസ്ബുക്ക് ലൈവ് ഷോപ്പിങ് പ്രഖ്യാപിച്ചിരുന്നു. പിന്‍ട്രസ്റ്റ് ‘പിന്‍ട്രസ്റ്റ് ടിവി’ എന്ന പേരില്‍ ലൈവ് ഷോപ്പിങ് സീരിസും അവതരിപ്പിച്ചിട്ടുണ്ട്. യൂട്യൂബ് ഹോളിഡേ സ്ട്രീം ആന്‍ഡ് ഷോപ് എന്ന പേരില്‍ യൂട്യൂബും ലൈവ് ഷോപ്പിങ് ഫീച്ചര്‍ തുടങ്ങിയിട്ടുണ്ട്.

Top