‘ഇത് വായിക്കേണ്ട പുസ്തകം തന്നെ’, വൈറലായി കൊഹ് ലിയുടെ പുസ്തക വായന

മുംബൈ: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ് പരമ്പര പുരോഗമിക്കുന്നതിനിടെ തരംഗമായി നായകന്‍ വിരാട് കൊഹ് ലിയുടെ പുസ്തക വായന. വെള്ള നിറത്തിലുള്ള ടീ ഷര്‍ട്ടും നീല ബര്‍മുഡയും ഇട്ട് കൊഹ് ലി വായിക്കുന്ന പുസ്തകത്തിന്റെ പേര് കൂടി പുറത്തുവന്നതോടെ ചിത്രം കൂടുതല്‍ വൈറലായി.

മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ സ്റ്റീവന്‍ സില്‍വസ്റ്ററിന്റെ ‘ഡിഡോക്സ് യുവര്‍ ഈഗോ (നിങ്ങളുടെ അഹംഭാവം ഒഴിവാക്കാം) എന്ന പുസ്തകമാണ് കൊഹ് ലി ഡ്രസിങ് റൂമിലിരുന്നു വായിക്കുന്നത്.അഹംഭാവം ഒഴിവാക്കാനുള്ള ഏഴു മാര്‍ഗങ്ങളാണ് പുസ്തകത്തിലൂടെ സില്‍വസ്റ്റര്‍ പറയുന്നത്.

സ്വാതന്ത്ര്യവും സന്തോഷവും വിജയവും പുസ്തകത്തിലൂടെ സ്വന്തമാക്കാം എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ചിത്രം തരംഗമായതോടെ ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങി. ടീമിന്റെ നെടുംതൂണുകളിലൊരാളായ ഉപനായകന്‍ രോഹിത് ശര്‍മയുമായി കൊഹ് ലി ഭിന്നതയിലാണെന്ന റിപ്പോര്‍ട്ടുകളും കളിക്കിടെയുണ്ടായ കൊഹ് ലിയുടെ ചിലപെരുമാറ്റങ്ങളും ചൂണ്ടിക്കാട്ടി, ഈ പുസ്തകം വളരെ മുന്‍പ് തന്നെ വായിച്ച് ഈഗോ കുറക്കേണ്ടതായിരുന്നുവെന്ന് ചിത്രം പങ്കുവച്ച് ഒരുവിഭാഗം ട്വിറ്റര്‍ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. രോഹിതുമായുള്ള തര്‍ക്കത്തില്‍ തന്റെ ഈഗോയാണ് പ്രശ്നം എന്ന് കൊഹ് ലി കരുതുന്നുണ്ടാവാമെന്ന് മറ്റു ചിലര്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനും ഇന്ത്യന്‍ ടീമിന്റെ നായകനുമായ കൊഹ് ലി ഇനിയെന്ത് വിജയമാണ് നേടാന്‍ ആഗ്രഹിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നു. കുടുംബജീവിതവും വിജയകരമായി മുന്നോട്ടു കൊണ്ടു പോകുന്ന കോലി ഇപ്പോഴും സന്തോഷവാനല്ലേ എന്നും ചിലര്‍ ചോദിക്കുന്നു. പറ്റിയ പുസ്തകം തന്നെയാണ് കൊഹ് ലിക്ക് ലഭിച്ചതെന്ന് തുടങ്ങി ആരൊക്കെയോ പ്രീതിപ്പെടുത്താനാണീ പുസ്തകം വായന എന്നുവരെയുള്ള രസകരമായ ട്വീറ്റുകളാണ് നിറയുന്നത്.

Top