ചിദംബരത്തിന് പിന്നാലെ ശശി തരൂരും ? പിടിമുറുക്കൻ കേന്ദ്ര സർക്കാർ നീക്കം !

ചിദംബരത്തിന് പിന്നാലെ ശശി തരൂരിനെയും അഴിക്കുള്ളിലാക്കാനുള്ള വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം കോടതി അംഗീകരിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. കുറ്റപത്രവുമായി ബന്ധപ്പെട്ട അടുത്ത വാദം ആഗസ്റ്റ് 31 ന് ഡല്‍ഹി പ്രത്യേക കോടതിയില്‍ നടക്കും.

ശക്തമായ വാദങ്ങളാണ് തരൂരിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്നത്. തരൂരിന്റെ പീഡനം കൊണ്ടാണ് സുനന്ദ പുഷ്‌ക്കര്‍ മരിച്ചതെന്നാണ് പ്രധാന വാദം. നേരത്തെ ഈ കേസില്‍ ഡല്‍ഹി പൊലീസ് തരൂരിനെ അറസ്റ്റ് ചെയ്യുന്ന സമീപനമല്ല സ്വീകരിച്ചിരുന്നത്. സാധാരണ ഇത്തരം കേസുകളില്‍ പ്രതിയാക്കിയ ഉടനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ് രീതി. ഈ കീഴ് വഴക്കം തരൂരിന്റെ കാര്യത്തില്‍ മാറ്റിയതില്‍ ഡല്‍ഹി പൊലീസിനെതിരെ രൂഷ വിമര്‍ശനമുയര്‍ന്നിരുന്നു. ബി.ജെ.പി കേരള നേതാക്കളിലും ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുന്‍പ് വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന ശശി തരൂര്‍ ഇപ്പോള്‍ ആര്‍.എസ്.എസിന്റെയും മോദിയുടെയും കടുത്ത വിമര്‍ശകനാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലെയും രാജസ്ഥാനിലെയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ രാഹുല്‍ ഗാന്ധി രാജിവച്ച ഒഴിവില്‍ കോണ്‍ഗ്രസ് പ്രസിഡന്റായി ശശി തരൂരിനെ നിയമിക്കണമെന്ന ആവശ്യമാണ് എ.ഐ.സി.സിക്ക് മുന്നില്‍ വച്ചിരിക്കുന്നത്.

യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചിരുന്ന ശശി തരൂര്‍ ഇന്ത്യയുടെ പിന്തുണയില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര രംഗത്ത് എഴുത്തുകാരന്‍, വാഗ്മി, നയതന്ത്രജ്ഞന്‍ തുടങ്ങിയ പ്രതിഛായയുമുള്ള ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ പുതുതലമുറയുടെ പിന്തുണ ലഭിക്കുമെന്ന ആശങ്ക ബി.ജെ.പി നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് തരൂരിനെതിരായ കുരുക്ക് മുറുക്കുന്നത്.

മുന്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കര്‍ 2014 ജനുവരി 17ന് ഡല്‍ഹി ചാണക്യപുരിയിലെ ലീല ഹോട്ടലിലെ ആഡംബര സ്യൂട്ടിലാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നത്. തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ക്കു ശേഷം ശശി തരൂരിനെ പ്രതിയാക്കി കേസെടുക്കാന്‍ ഡല്‍ഹി പൊലീസ് നിര്‍ബന്ധിതവുമായി. ഐ.പി.സി 498 എ പ്രകാരം ഭര്‍ത്താവില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഉള്ള ക്രൂരത, ഐ.പി.സി 306 പ്രകാരം ആത്മഹത്യ പ്രേരണ എന്നീ 10 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കാവുന്ന കുറ്റങ്ങളാണ് ശശി തരൂരിന് മേലെ ചുമത്തിയിട്ടുള്ളത്. നിലവില്‍ ഈ കേസില്‍ ജാമ്യത്തിലാണിപ്പോള്‍ തരൂര്‍. കുറ്റപത്രം കോടതി അംഗീകരിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കാനാണ് ഡല്‍ഹി പൊലീസ് നീക്കം.

കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വാദത്തിലാണ് സുനന്ദയുടെ ആത്മഹത്യ തരൂരിന്റെ പീഡനം കാരണമാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. സുനന്ദ പുഷ്‌ക്കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ അവരുടെ ദേഹത്ത് 15 പരിക്കുകള്‍ കണ്ടെത്തിയതായും ഡല്‍ഹി പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭര്‍ത്താവായ ശശി തരൂരില്‍ നിന്നും സുനന്ദ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായും അന്വേഷണ സംഘം പ്രത്യേക കോടതി ജഡ്ജി അജയ്കുമാര്‍ കുഹാര്‍ മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധം സുനന്ദ പുഷ്‌ക്കറുമായുള്ള ദാമ്പത്യത്തില്‍ വലിയ ഉലച്ചിലുകളുണ്ടാക്കിയിരുന്നു. മല്‍പ്പിടുത്തത്തിനിടെ ഉണ്ടാകുന്ന പരിക്കുകളാണ് സുനന്ദയുടെ കൈത്തണ്ടയിലും കാലിലും കണ്ടെത്തിയിരുന്നത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പും ഇരുവരും തമ്മില്‍ കലഹമുണ്ടായിരുന്നതായും ഡല്‍ഹി പൊലീസ് തെളിവുകള്‍ സഹിതം വാദിച്ചിട്ടുണ്ട്.

സുനന്ദ- തരൂര്‍ ദാമ്പത്യം വളരെ മോശമായ അവസ്ഥയിലായിരുന്നുവെന്ന സുനന്ദയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിങിന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നതാണ്. ഇക്കാര്യവും കോടതിയില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാദത്തിനു ശേഷം ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം കോടതി അംഗീകരിച്ചാല്‍ ശശി തരൂരിനെ അറസ്റ്റു ചെയ്യുന്ന സാഹചര്യമാണുണ്ടാകുക. നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിയന്ത്രണത്തിലാണ് ഡല്‍ഹി പൊലീസ്. ഈ ബി.ജെ.പി അധ്യക്ഷനില്‍ നിന്നും തരൂര്‍ പോലും വിട്ടുവീഴ്ച പ്രതീക്ഷിക്കുന്നില്ല. മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിനെ ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റ് ചെയ്യിച്ച് അകത്താക്കിയതിലൂടെ രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളുടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണിപ്പോള്‍ അമിത് ഷാ.

സുനന്ദ പുഷ്‌ക്കര്‍ മരണപ്പെട്ടതിനു ശേഷം ശശി തരൂര്‍ പ്രധാനമന്ത്രി മോദിയുമായി സൗഹൃദ നിലപാടാണ് സ്വീകരിച്ചു വന്നിരുന്നത്. പാര്‍ലമെന്റില്‍ മോദിക്ക് പ്രസംഗിക്കാന്‍ അദ്ദേഹം കുറിപ്പ് കൈമാറിയതും വിവാദമായിരുന്നു. ഈ സംഭവത്തില്‍ തരൂരിനെ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശാസിക്കുകയും ചെയ്തിരുന്നു. തരൂര്‍ ബി.ജെ.പിയില്‍ ചേരുകയാണെന്ന പ്രചരണവും അക്കാലത്ത് ഡല്‍ഹിയില്‍ സജീവമായിരുന്നു. എന്നാല്‍ പിന്നീട് മോദിക്കെതിരെ ശക്തനായ വിമര്‍ശകനായി രാഹുല്‍ ഗാന്ധിക്കൊപ്പം ഉറച്ചുനില്‍ക്കുകയാണ് ശശി തരൂര്‍ ചെയ്തത്. ആര്‍.എസ്.എസിന്റെ ആശയങ്ങളെയും ശക്തമായ ഭാഷയിലാണ് ശശി തരൂര്‍ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ മോദിയുടെയും ബി.ജെ.പിയുടെയും കണ്ണിലെ കരടാണ് ശശി തരൂര്‍.

ഷാഡിന്‍ഫ്രോയ്ഡ്… എന്നാണ് ചിദംബരത്തിനെതിരായ നടപടിയെ തരൂര്‍ വിശേഷിപ്പിച്ചിരുന്നത്. ‘മറ്റൊരാളുടെ ദുര്യോഗത്തില്‍ സന്തോഷിക്കുന്ന മാനസികാവസ്ഥ’ എന്നാണ് ഈവാക്കിനര്‍ത്ഥം. എല്ലാറ്റിനുമൊടുവില്‍ ന്യായം പുലരുമെന്നും അതുവരെ ദുഷിച്ച മനസ്സുള്ളവരെ ഇതു കണ്ട് സന്തോഷിക്കാന്‍ അനുവദിക്കാമെന്നുമാണ് ട്വീറ്റില്‍ തരൂര്‍ വ്യക്തമാക്കിയിരുന്നത്. ബി.ജെ.പി നേതൃത്വത്തെ ഏറെ ചെടിപ്പിച്ച പ്രതികരണമാണിത്. ചിദംബരത്തിന്റെ അവസ്ഥ തരൂരിനുമുണ്ടാകുമെന്ന മുന്നറിയിപ്പും ചില നേതാക്കള്‍ നല്‍കുന്നുണ്ട്.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ താരപ്രഭാവമുള്ള ശശി തരൂരിന് പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ ചുമതലയാണ് നിലവിലുള്ളത്. ചിദംബരത്തിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ശശി തരൂരിനെ കൂടി അറസ്റ്റു ചെയ്യാനായാല്‍ അത് ബി.ജെ.പിക്ക് വലിയ രാഷ്ട്രീയ നേട്ടമായിരിക്കും സമ്മാനിക്കുക. കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ പ്രഹരമായി അറസ്റ്റ് മാറുകയും ചെയ്യും.ഇതോടെ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാവുകയാണ് ചെയ്യുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നിശബ്ദരാവാനും ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറാനുമുള്ള സാഹചര്യവും വളരെ കൂടുതലാണ്.

ശശി തരൂരിനെ അറസ്റ്റ് ചെയ്താല്‍ അത് കേരള രാഷ്ട്രീയത്തിലും ശക്തമായി പ്രതിഫലിക്കും. നിലവില്‍ തിരുവനന്തപുരം എം.പിയാണ് തരൂര്‍. മൂന്നു തവണയായി തിരുവനന്തപുരത്തു നിന്നും വിജയിക്കുന്ന തരൂരിനെതിരെ ഇടതുപക്ഷത്തിനും ബി.ജെപിക്കുമുള്ള പ്രധാന ആയുധമായി അറസ്റ്റ് മാറും.

Political Reporter

Top