‘ട്വിറ്ററിൽ ഇനി ഫ്രീയായി ബ്ലൂ ടിക്ക് കിട്ടില്ല’; പരിഷ്ക്കരണങ്ങളുമായി മസ്ക്

ന്യൂയോര്‍ക്ക് : ട്വിറ്റർ അതിന്റെ ഉപയോക്തൃ സേവന സംവിധാനങ്ങള്‍ പരിഷ്കരിക്കുന്നു. ലോകത്തെ ഏറ്റവും സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ട്വിറ്റര്‍ കഴിഞ്ഞ ദിവസം ഇലോൺ മസ്ക്  ഏറ്റെടുത്തിരുന്നു. ഞായറാഴ്ചയാണ് ഇലോൺ മസ്‌ക് ബ്ലൂ ടിക്കുമായി സംബന്ധിച്ച ചില സൂചനകൾ ഒരു ട്വീറ്റിലൂടെ അറിയിക്കുന്നത്.

“ട്വിറ്ററിലെ മുഴുലന്‍ വെരിഫിക്കേഷന്‍ സംവിധാനവും നവീകരിക്കുകയാണ്” എന്നാണ് ട്വിറ്റര്‍ ഉടമയായ ഇലോണ് മസ്ക് പറയുന്നത്. എന്നാല്‍ എന്തൊക്കെ മാറ്റം എന്നത് മസ്ക് വിശദീകരിക്കുന്നില്ല. പക്ഷെ വിവിധ പാശ്ചത്യ ടെക് സൈറ്റുകള്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിട്ടുണ്ട്.

ട്വിറ്റർ അക്കൗണ്ട് ഉടമയുടെ വെരിഫിക്കേഷന്‍ ഉറപ്പാക്കുന്ന നീല ടിക്കിന് പണം ഈടാക്കുന്നത് മസ്ക് പരിഗണിക്കുന്നുവെന്നാണ് വെര്‍ജിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഈ കാര്യം ചില ട്വിറ്റര്‍ ഉന്നതര്‍ തന്നെ സ്ഥിരീകരിച്ചുവെന്നാണ് ടെക്‌നോളജി ന്യൂസ്‌ലെറ്റർ പ്ലാറ്റ്‌ഫോര്‍മറിനെ ഉദ്ധരിച്ച് വെര്‍ജ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്.

റിപ്പോർട്ട് അനുസരിച്ച്, ഉപയോക്താക്കൾ പ്രതിമാസം അഞ്ച് ഡോളര്‍ എങ്കിലും ട്വിറ്റര്‍ ബ്ലൂടിക്ക് വേണമെങ്കില്‍ ട്വിറ്ററിന് നല്‍കേണ്ടി വരും. ഇനി ബ്ലൂടിക്ക് വേണമെങ്കില്‍ ട്വിറ്റര്‍ ഉപയോക്താവ് പെയിഡ് സംവിധാനമായ ട്വിറ്റര്‍ ബ്ലൂവിലേക്ക് മാറേണ്ടിവരും. നവംബര്‍ മുതല്‍ വ്യാപകമായ പരിശോധന ഇതില്‍ നടത്തി ബ്ലൂടിക്കിന് പണം കൊടുക്കാത്തവരെ ഒഴിവാക്കുമെന്നാണ് ട്വിറ്ററില്‍ നിന്നും ലഭിക്കുന്ന വിവരം.

ടെസ്‌ല സിഇഒ ഇതില്‍ അന്തിമ തീരുമാനം പറഞ്ഞില്ലെന്നും. വരും ദിവസങ്ങളില്‍ അത് ലഭിക്കാമെന്നും. എന്നാല്‍ മസ്കിന്റെ അപ്രതീക്ഷിതമായ സ്വഭാവം വച്ച് ഇത്തരം പദ്ധതികള്‍ ഏത് സമയത്തും ഉപേക്ഷിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. എന്നാൽ പ്ലാറ്റ്‌ഫോർമർ റിപ്പോര്‍ട്ട് അനുസരിച്ച് വെരിഫിക്കേഷനെ ഇനി ട്വിറ്റര്‍ ബ്ലൂ എന്ന പ്രിമീയം സര്‍വീസിനൊപ്പം ലയിപ്പിക്കും എന്ന് തന്നെയാണ് പറയുന്നത്.

ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഉൾപ്പെടെ പ്രതിമാസ നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രീമിയം ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമിന്റെ ആദ്യ സബ്‌സ്‌ക്രിപ്‌ഷൻ സേവനമായി ട്വിറ്റർ ബ്ലൂ എന്ന് പറയുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് ട്വിറ്റര്‍ ബ്ലൂ ആരംഭിച്ചത്.

Top