ട്വിറ്റര്‍ സിഇഒയ്ക്ക് അന്ത്യശാസനം നല്‍കി ഇന്ത്യന്‍ പാര്‍ലമെന്ററി കമ്മിറ്റി

Twitter

ട്വിറ്റര്‍ സിഇഒയ്ക്ക് അന്ത്യശാസനം നല്‍കി ഇന്ത്യന്‍ പാര്‍ലമെന്ററി കമ്മിറ്റി. സാമൂഹ്യ മാധ്യമങ്ങളിലെ അവകാശ സംരക്ഷണം സംബന്ധിച്ചുള്ള പരാതിയില്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ ട്വിറ്റര്‍ സിഇഒയോ, അതല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനി പ്രതിനിധിയോ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഫെബ്രുവരി ഏഴിനാണ് ഹിയറിംഗ് സെഷന്‍ ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് 11ലേയ്ക്ക് മാറ്റിയിരുന്നു.

എന്നാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി അടക്കമുള്ള ഉദ്യോഗസ്ഥര്‍ കമ്മിറ്റിക്ക് തിരികെ കത്തയച്ചിരുന്നു. ഹാജരാകാന്‍ കുറച്ചുകൂടി സമയം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയിലെ സോഷ്യല്‍ മീഡിയ കണ്ടന്റും അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് നയപരമായ തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ളവര്‍ ആരും തന്നെ ട്വിറ്റര്‍ ഇന്ത്യയില്‍ ഇല്ലെന്നും ജൂനിയര്‍ എംപ്ലോയീസിനെ കമ്മിറ്റിക്ക് മുമ്പാകെ അയക്കുന്നത് ശരിയല്ലെന്നും ട്വിറ്റര്‍ അധികൃതര്‍ വ്യക്തമാക്കി.

അതേസമയം വിശദീകരണം തള്ളിയ പാര്‍ലമെന്ററി കമ്മിറ്റി പതിനഞ്ച് ദിവസത്തിനുള്ളില്‍ ഹാജരായേ തീരുവെന്ന് അന്ത്യശാസനം നല്‍കുകയായിരുന്നു. ബിജെപി എംപി അനുരാഗ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള പാര്‍ലമെന്റിന്റെ ഐടി കമ്മിറ്റിയാണ് പാനലിന് മുന്നില്‍ ഹാജരാകാന്‍ ട്വിറ്റര്‍ അധികാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Top