‘ട്വിറ്റര്‍ തലതിരിഞ്ഞു പോയെന്ന്’; മുന്നറിയിപ്പുമായി ബിബിസി

ട്വിറ്റർ തലതിരിഞ്ഞു പോയെന്ന് ബിബിസിയുടെ റിപ്പോർട്ട്. കുട്ടികളെ ചൂഷണം ചെയ്യൽ, വ്യാജ വാർത്ത പ്രചരിപ്പിക്കൽ, ആളുകളെ അധിക്ഷേപിക്കൽ, ട്രോളുകളുണ്ടാക്കൽ അങ്ങനെയെന്തും ട്വിറ്ററിൽ സാധ്യമാണെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ ബിബിസി പറയുന്നത്.

എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം സ്ത്രീവിരുദ്ധത അടങ്ങിയ ഉള്ളടക്കങ്ങൾ പ്രചരിക്കുന്ന തരത്തിലുള്ള പ്രൊഫൈലുകൾ ട്വിറ്ററിൽ കൂടിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് സംരക്ഷണം ഒരുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ട്വിറ്ററിപ്പോൾ. ഇത്തരം ഫീച്ചറുകൾ കൈകാര്യം ചെയ്യാൻ സാധിക്കാത്തതാണ് കാരണം. മുൻപ് ഉപഭോക്താക്കളുടെ സമൂഹമാധ്യമ ഇടപെടൽ മാന്യമായ രീതിയിലാണെന്ന് ഉറപ്പാക്കുന്നതിനായി കർശന പെരുമാറ്റ ചട്ടങ്ങളും അതിന് സഹായമാകുന്ന ഫീച്ചറുകളും കൊണ്ടുവന്ന കമ്പനിയാണ് ട്വിറ്റർ.

പക്ഷേ നേരത്തെ ട്വിറ്റർ മസ്കിന്റെ കൈയ്യിലായതോടെ സംഗതിയാകെ മാറി. ടെക് ലോകം കണ്ട കൂട്ടപിരിച്ചുവിടലിൽ നിരവധി ജീവനക്കാരാണ് തൊഴിൽരഹിതരായത്. നഡ്ജ് ബട്ടൺ ട്വിറ്ററിന്റെ പ്രത്യേകതകളിൽ ഒന്നായിരുന്നു. ഒരാൾ ഒരു സന്ദേശം പോസ്റ്റ് ചെയ്യുമ്പോൾ അതിൽ മോശം പദപ്രയോഗങ്ങളോ വാക്കുകളോ ഉണ്ടെങ്കിൽ അവ കണ്ടെത്തി പോസ്റ്റ് ഉടമയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്ന ഫീച്ചറാണ് നഡ്ജ് ബട്ടൺ. 60 ശതമാനത്തോളം വരുന്ന ട്രോളുകളെയും അനാവശ്യ പോസ്റ്റുകളെയും നിയന്ത്രിച്ചിരുന്നത് ഈ സംവിധാനത്തിലൂടെയാണ്. ട്വിറ്ററിൽ നിന്ന് ആദ്യം ജോലി നഷ്ടമായതും ഈ സംവിധാനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കാണ്.

Top