പരാതി പരിഹാര ഉദ്യോഗസ്ഥനെ ഉടന്‍ നിയമിക്കുമെന്നറിയിച്ച് ട്വിറ്റര്‍

ന്യൂഡല്‍ഹി: പുതിയ ഐടി നിയമപ്രകാരം പ്രശ്‌നപരിഹാര ഉദ്യോഗസ്ഥനെ ഉടന്‍ നിയമിക്കുമെന്ന് ട്വിറ്റര്‍. ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി പരിഗണിക്കവെയാണ് ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്. നടപടി ക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ട്വിറ്റര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഇടക്കാല ഗ്രീവന്‍സ് ഓഫീസര്‍ ജൂണ്‍ 21ന് മാറിയെന്നും ഒരാളെ ഉടന്‍ നിയമിക്കുമെന്നും ട്വിറ്റര്‍ കോടതിയില്‍ വ്യക്തമാക്കി.
ട്വിറ്റര്‍ ഇന്ത്യയിലെ ഇടക്കാല റെസിഡന്റ് ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചാതൂറാണ് കഴിഞ്ഞ മാസം രാജിവെച്ചത്.

ട്വിറ്ററിന്റെ ഗ്ലോബല്‍ പോളിസി ഡയറക്ടര്‍ ജെറെമി കെസ്സല്‍ ആണ് പുതിയ പരാതി പരിഹാര ഉദ്യോസ്ഥനാകുന്നത്. എന്നാല്‍ ഇന്ത്യക്കാരനായ കമ്പനി ഉദ്യോസ്ഥനാണ് സ്ഥാനത്ത് നിയമിതനാകേണ്ടെതെന്നാണ് ഐടി ചട്ടം. ഇത് മറികടന്നുള്ള ട്വിറ്ററിന്റെ നിയമനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയേക്കില്ല.

മെയ് 25 മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പുതിയ ഐ.ടി നിയമം, ഉപയോക്താക്കളില്‍ നിന്നോ മറ്റോ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് ഒരു സംവിധാനം വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. 50 ലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള എല്ലാ സുപ്രധാന സാമൂഹിക കമ്പനികളും അത്തരം പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി, ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പങ്കിടുന്നതിനു വേണ്ടി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

Top