ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി കമ്പനിയില്‍ നിന്ന് രാജിവെച്ചു

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി കമ്പനിയില്‍ നിന്ന് രാജിവെച്ചു. ജാക്ക് തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. രാജി ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കമ്പനി സിഇഒ സ്ഥാനവും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും ജാക്ക് ഒഴിഞ്ഞു. നിലവിലെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ പരാഗ് അഗ്രാവല്‍ സി ഇ ഒ സ്ഥാനം ഏറ്റെടുക്കും. ബ്രെറ്റ് ടെയ്‌ലര്‍ ആയിരിക്കും കമ്പനി ബോര്‍ഡ് ഡയറക്ടര്‍. 2022ല്‍ അംഗത്വ കാലാവധി അവസാനിക്കുന്നത് വരെ ജാക്ക് ബോര്‍ഡില്‍ തുടരുമെന്നാണ് അറിയിപ്പ്.

ട്വിറ്റര്‍ അതിന്റെ സ്ഥാപകരുടെ സ്വാധീനത്തില്‍ നിന്ന് പൂര്‍ണ്ണമായും പുറത്ത് കടക്കാന്‍ തയ്യാറായെന്നാണ് ജാക്കിന്റെ വിശദീകരണം. നാല്‍പ്പത്തിയഞ്ചുകാരനായ ജാക്ക് ഡോര്‍സി സ്ഥാനമൊഴിയണമെന്ന് ട്വിറ്റര്‍ ബോര്‍ഡിലെ പ്രധാന നിക്ഷേപക ഒന്നായ എലിയട്ട് മാനേജ്‌മെന്റ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരുന്നു.

പുതിയ സിഇഒ പരാഗ് അഗ്രാവല്‍ 2011ലാണ് ട്വിറ്ററില്‍ എത്തിയത്. 2017 ഒക്ടോബര്‍ മുതല്‍ കമ്പനിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറാണ്. ഐഐടി ബോംബേയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം നേടിയ പരാഗ് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ഡി നേടിയിട്ടുണ്ട്. പുതിയ വെല്ലുവിളികളുടെ കാലത്ത് ട്വിറ്ററിനെ നയിക്കാന്‍ പരാഗ് അനുയോജ്യനാണെന്നും പരാഗില്‍ വിശ്വാസമുണ്ടെന്നും ജാക്ക് ഡോര്‍സി തന്റെ വിടവാങ്ങല്‍ കത്തില്‍ പറയുന്നു.

പരാഗ് ട്വിറ്റര്‍ തലവനാകുന്നതോടെ ലോകത്തെ പ്രധാനപ്പെട്ട അഞ്ച് ടെക് സ്ഥാപനങ്ങളുടേയും തലപ്പത്ത് ഇന്ത്യന്‍ വംശജരെന്ന അപൂര്‍വ്വതയുമുണ്ട്. ഗൂഗിള്‍ ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദല്ല, അഡോബിന്റെ ശന്തനും നാരായെന്‍, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ എന്നിവര്‍ക്കൊപ്പം ഇനി പരാഗും.

ജാക്കിന്റെ ട്വീറ്റിന് പിന്നാലെ നന്ദിയറിയിച്ച് കൊണ്ട് പരാഗും ട്വീറ്റ് ചെയ്തു. ട്വിറ്ററിനെ നിലവിലെ നിലയിലെത്തിച്ചതിന് ജാക്കിനോട് നന്ദി പറഞ്ഞ പരാഗ് അഗ്രവാല്‍ പുതിയ കാലത്തേക്ക് ഒന്നിച്ച് സഞ്ചരിക്കാമെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

Top