ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ട്വിറ്റര്‍ മേധാവിയുടെ ട്വീറ്റ്

വാഷിങ്ടണ്‍: ട്രംപിന്റെ അടച്ചുപൂട്ടല്‍ ഭീഷണിക്ക് മറുപടിയുമായി ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായതും വിവാദപരവുമായ വിവരങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന നടപടി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ജീവനക്കാരെ വെറുതെവിടണമെന്നും ട്രംപിന്റെ അടച്ചുപൂട്ടല്‍ ഭീഷണിയെ സൂചിപ്പിച്ച് അദ്ദേഹം ആവശ്യപ്പെട്ടു.

കമ്പനി എന്ന നിലയില്‍ ഞങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് ഉത്തരവാദിത്വം പറയേണ്ട ആള്‍ ഞാനാണ്.ഞങ്ങള്‍ വരുത്തുന്ന ഏതു തെറ്റുകളും അംഗീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്യാന്‍ തയ്യാറാണെന്ന് ജാക്ക് ഡോര്‍സി ട്വീറ്റ് ചെയ്തു.

തര്‍ക്കവിഷയമാകുന്ന പ്രസ്താവനകളില്‍ വ്യക്തതവരുത്തുകയും വിവാദങ്ങളില്‍ ശരിയായ വിവരങ്ങള്‍ നല്‍കുകയും ജനങ്ങള്‍ക്ക് സ്വയം വിധികല്‍പിക്കാന്‍ അവസരം നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശ്യം മാത്രമാണ് ഞങ്ങള്‍ക്കുള്ളതെന്ന് ജാക്ക് വിശദീകരിക്കുന്നു.

ട്രംപിന്റെ ചില ട്വീറ്റുകള്‍ക്ക് വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ട്രംപും ട്വിറ്ററുമായുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വോട്ട് ബൈ മെയില്‍ സംബന്ധിച്ച ട്രംപിന്റെ ട്വീറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കാട്ടിയാണ് ട്വിറ്റര്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

Top