ട്വിറ്റര്‍ പ്രവര്‍ത്തിച്ചത് രാജ്യ നിയമങ്ങള്‍ക്ക് വിരുദ്ധമായി; ഡോര്‍സിയുടെ ആരോപണം തള്ളി കേന്ദ്രം

ട്വിറ്റര്‍ മുന്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ട്വിറ്റര്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ടാണ് ട്വിറ്റര്‍ ഓഫീസ് റൈഡ് ചെയ്തതെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വിശദീകരണം. ട്വിറ്ററിന്റെ ചരിത്രത്തിലെ സംശയാസ്പദമായ കാലഘട്ടത്തിലെ ചിലതൊക്കെ മായ്ക്കാനാണ് അവര്‍ കള്ളം പറയുന്നത്. ട്വിറ്ററിനുള്ള അധികാരം അവര്‍ ദുരുപയോഗം ചെയ്യുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷം ജനങ്ങള്‍ അത് കണ്ടതാണെന്നും ട്വിറ്റര്‍ വിവേചനപരമായാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഡോര്‍സിയുടെ കാലത്ത് ട്വിറ്ററിന് ഇന്ത്യന്‍ നിയമത്തിന്റെ പരമാധികാരത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. തങ്ങള്‍ക്ക് ഇന്ത്യയിലെ നിയമവ്യവസ്ഥ ബാധകമല്ലെന്ന മട്ടിലാണ് ഡോര്‍സി പ്രവര്‍ത്തിച്ചിരുന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും ഇവിടത്തെ നിയമം അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്നനിലയില്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്. കര്‍ഷക സമരത്തിനിടെ വംശഹത്യകള്‍ നടന്നു എന്ന വ്യാജപ്രചരണങ്ങളാണ് നടന്നതെന്നും അത് നീക്കം ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമാണ് ട്വിറ്റര്‍ മുന്‍ സിഇഒ ജാക്ക് ഡോര്‍സി ഉന്നയിച്ചത്. ഇന്ത്യയില്‍ ട്വിറ്റര്‍ അടച്ചുപൂട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തല്‍. കര്‍ഷക പ്രതിഷേധങ്ങളുടെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെയും അക്കൗണ്ടുകള്‍ ബ്ലാക്ക് ഔട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം തുറന്നടിക്കുന്നു.

ഇന്ത്യയില്‍ ട്വിറ്റര്‍ അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ട്വിറ്റര്‍ ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്തുവെന്നുമാണ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാക്ക് ഡോര്‍സി പറഞ്ഞത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി രംഗത്തെത്തിയത്.

 

Top