ന്യൂഡൽഹി :പ്രകോപനപരവും വിഭാഗീയവുമായ പ്രതികരണങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പട്ടികയിലെ 1398 അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തു. ‘മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച 220 ട്വിറ്റർ ഹാൻഡിലുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്.
1435 ട്വിറ്റർ ഹാൻഡിലുകളാണ് ബ്ലോക്ക് ചെയ്യാനായി ട്വിറ്ററിന് കേന്ദ്രസർക്കാർ കൈമാറിയത്. ഇതിൽ 1398 ട്വിറ്റർ ഹാൻഡിലുകളും ഇപ്പോൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഖാലിസ്ഥാൻ ബന്ധം കണ്ടെത്തിയ 1178 ഹാൻഡിലും ട്വിറ്റർ ബ്ളോക്ക് ചെയ്തു. ബാക്കിയുള്ള ഹാൻഡിലും ഡൂപ്ലിക്കേറ്റ് ആയതിനാൽ ബ്ലോക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും ട്വിറ്റർ അധികൃതർ അറിയിച്ചിട്ടുണ്ട്.
‘മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്ടാഗിൽ ദിവസങ്ങളായി ട്വിറ്ററിൽ പ്രതികരണം സജീവമാണ്. ഇവ സമരമുഖം കൂടുതൽ സജീവമാക്കുമെന്ന തിരിച്ചറിവിലാണ് കേന്ദ്ര നീക്കം. ഐ.ടി നിയമം 69 എ വകുപ്പിൽ പെടുത്തിയാണ് ട്വിറ്ററിന് നോട്ടീസ് നൽകിയത്.